കത്തിജ്ജ്വലിച്ച് സൂര്യൻ; കേരളം തിളയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി ചൂട് കൂടുന്നു. പകൽ പുറത്തിറങ്ങാനാകാത്തവിധം താപ നില ഉയരുകയാണ്. നേരിട്ട് വെയിലേൽക്കൽ അസഹ്യമായി . 12 ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി മഞ്ഞ അലർട്ട് നൽകി. പാലക്കാട്, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്
മുന്നറിയിപ്പ്. മാർച്ച് 24 വരെ പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും ഉയരാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയാകാനാണ് സാദ്ധ്യത. ഈ ജില്ലകളിൽ, ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. പാലക്കാട് (38 ഡിഗ്രി) ആണ് കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തിയത്. തിരുവനന്തപുരം (35 ഡിഗ്രി), കൊച്ചി (36 ഡിഗ്രി), കോഴിക്കോട് (35.6) എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ താപ നില.
സൂര്യപ്രകാശം നേരിട്ട് ഭൂമദ്ധ്യരേഖ പ്രദേശങ്ങളിൽ പതിക്കുന്നതാണ് കേരളത്തിൽ ചൂട് കൂടാൻ കാരണം. പകലിന്റെ ദൈർഘ്യം കൂടുകയും സൗരവികരണം കൂടുതൽ സമയം അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നു. ഇത് താപനില വർദ്ധിപ്പിക്കുന്നുമെന്ന് ശാസ്ത്ര
ഗവേഷകൻ ഡോ.എ.രാജഗോപാൽ കമ്മത്ത് പറഞ്ഞു.
വൈദ്യുതി
ഉപയോഗം കൂടും സംസ്ഥാനത്ത് മാർച്ച് ആദ്യം മുതൽ വൈദ്യുതി ഉപയോഗവും കൂടുകയാണ്. പീക്ക് സമയത്ത്
5100 മെഗാവാട്ടിന് മുകളിലേക്ക് ഉയരുന്നു.പ്രതിദിന വൈദ്യുതി ഉപയോഗം മിക്ക ദിവസങ്ങളിലും 100 ദശലക്ഷം യൂണിറ്റ് കടക്കുന്നു.