കോഴിക്കോട് പെരുവയലിൽ 52 പേർക്ക് ഷിഗല്ല
Monday 23 March 2026 12:56 AM IST
കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂരിൽ ഷിഗല്ല രോഗവ്യാപനം തുടരുന്നു. ശനിയാഴ്ച അഞ്ച് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 52 ആയി. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിക്കാട്ടൂർ എരഞ്ഞിക്കൽ അങ്കണവാടിക്കു സമീപമുള്ളവർക്കാണ് രോഗലക്ഷണമായ പനിയും വയറിളക്കവും കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച അങ്കണവാടി വിദ്യാർത്ഥിനിയായ മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. രോഗം പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനവും ബോധവത്ക്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയുമടക്കം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.