ആരോപണ പ്രത്യാരോപണം കടുപ്പിച്ച് മുന്നണികൾ
തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് കളത്തിൽ സജീവമായി. ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്ന ആരോപണം എൽ.ഡി.എഫിനെതിരെ യു.ഡി.എഫും യു.ഡി.എഫിനെതിരെ എൽ.ഡി.എഫും ഉയർത്തുകയാണ്. നേമത്ത് ബി.ജെ.പിക്ക് ജയിക്കാനായി മറ്റു ചില സീറ്റുകളിൽ എൽ.ഡി.എഫുമായി ധാരണ ഉണ്ടെന്നാണ് യു.ഡി.എഫ് പ്രധാനമായും ആരോപിക്കുന്നത്. ഇതിനായി സി.ജെ.പി സഖ്യം തലസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ രൂപപ്പെട്ടതായി ഇവർ പറയുന്നു.
യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് അന്തർധാരയെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് ദുർബലരായ സ്ഥാനാർത്ഥികളെ ഇറക്കിയത് ഇതിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ് വാദിക്കുന്നു.
രണ്ടു മുന്നണികളും ചേർന്ന് തങ്ങളുടെ വിജയം തടയാനുള്ള ശ്രമത്തിലാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
പത്തുവർഷക്കാലത്തെ വികസനനേട്ടം ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് ജനവിധി തേടുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഇക്കാലയളവിൽ നടന്ന വികസന പ്രവർത്തനങ്ങളാണ് എടുത്തുകാട്ടുന്നത്. ഓരോ മണ്ഡലത്തിലും നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ ഇടത് എം.എൽ.എ മാർ അക്കമിട്ട് നിരത്തുമ്പോൾ, വികസനം തുടർ പ്രക്രിയയാണെന്നും ,ഏതു സർക്കാർ വന്നാലും ഓരോ വർഷവും പുതിയ പദ്ധതികൾ നടപ്പാക്കുന്നത് പതിവെന്നുമാണ് യു.ഡി.എഫ് നിരത്തുന്ന ന്യായം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ പദ്ധതികളുടെ പേരുമാറ്റി നടപ്പാക്കുന്നതാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.