വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനി പറ്റില്ല

Sunday 22 March 2026 11:22 PM IST

□ഇന്ന് വരെ അപേക്ഷിക്കാമെന്ന മുൻ തീരുമാനം മാറ്റി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചു. മാർച്ച് 15 വരെ അപേക്ഷ നൽകിയവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയൂവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.

മുൻ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി അവസാനിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന തീയതിയായ ഇന്നു വരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയിരുന്നു. പതിനാറാം തീയതി നടന്ന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലും ഇക്കാര്യം വ്യക്തമാക്കി. ഇന്നലെ ഈ നിലപാട് മാറ്റുകയായിരുന്നു. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതും നിറുത്തി വച്ചു. ഫലപ്രഖ്യാപനത്തിനു ശേഷമേ പുതിയ അപേക്ഷകൾ സ്വീകരിക്കൂ. 10 ദിവസം മുൻപു വരെ സമർപ്പിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനുള്ള നടപടി പൂർത്തിയാക്കാൻ പരമാവധി 10 ദിവസം വേണം. നിലവിൽ നടപടിക്രമങ്ങൾ തുടങ്ങിയ അപേക്ഷകൾ മാത്രമാണ് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഇന്നു വരെ അവസരമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അറിയിപ്പ് നൽകിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് സി.ഇ.ഒ നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നാണ് പരാതി..