രാജീവ് ചന്ദ്രശേഖറിന് 93.88 കോടിയുടെ ആസ്തി
തിരുവനന്തപുരം: നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറിന്റെയും ഭാര്യയുടെയും ആസ്തി 111.98 കോടി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണിത്. രാജീവ് ചന്ദ്രശേഖറിന് 93.88 കോടിയുടെ ആസ്തിയാണുള്ളത്. 78.81കോടിയുടെ സ്ഥാവരജംഗമ വസ്തുക്കളും 19.34 ലക്ഷത്തിന്റെ കൃഷി ഭൂമിയുമുണ്ട്. സ്വന്തമായി കാറില്ല. 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കൗട്ട് മോട്ടോർസൈക്കിളുണ്ട്. 107 കോടിയിലധികം രൂപയുടെ ബാദ്ധ്യതയുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് 18.10 കോടിയുടെ ആസ്തിയും 14.31 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളുമുണ്ട്. വായ്പകൾ ഉൾപ്പെടെ 1.62 കോടിയുടെ കടമുണ്ട്.
2024ൽ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ 28.09 കോടിയായിരുന്നു രാജീവ് ചന്ദ്രശേഖറുടെ ആസ്തി.
ശിവൻകുട്ടിക്ക്
2.29 കോടി
നേമത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി വി.ശിവൻകുട്ടിക്ക് 2.29 കോടിയുടെ സ്വത്താണുള്ളത്. ഒരു കോടി വിലമതിക്കുന്ന 2000 ചതുരശ്ര അടി വസ്തീർണമുള്ള വീടും 27 ലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്. ഭാര്യയ്ക്ക് ഭൂമിയടക്കം 2.47 കോടിയുടെ സ്വത്തുണ്ട്.
കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ശരത്ചന്ദ്രപ്രസാദിന്റെ കൈവശം ബാങ്ക് നിക്ഷേപമടക്കം 1 ലക്ഷം രൂപയുണ്ട്. സെക്രട്ടേറിയറ്റിന് സമീപം ഫ്ളാറ്റുണ്ട്. വായ്പാ ബാദ്ധ്യത 3 ലക്ഷം രൂപയാണ്.
ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളീധരന് 9.37 ലക്ഷം രൂപ നിക്ഷേപവും സ്വർണം ഉൾപ്പെടെ 20.71 ലക്ഷത്തിന്റെ സ്വത്തുമുണ്ട്. ഭാര്യയ്ക്ക് 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 164 ഗ്രാം സ്വർണവും 52.7 ലക്ഷം വിലമതിക്കുന്ന ഭൂമിയുമുണ്ട്. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ജോണിന് 2.85 ലക്ഷവും 2900 ചതുരശ്ര അടിയുമുള്ള വീടുമുണ്ട്. ഭാര്യയ്ക്ക് 45 പവൻ സ്വർണമടക്കം 86.10 ലക്ഷത്തിന്റെ സ്വത്തുണ്ട്. വർക്കലയിലെ സി.പി.എം സ്ഥാനാർത്ഥി വി.ജോയിക്ക് സ്വർണം,നിക്ഷേപം,ഭൂമി എന്നിവയടക്കം 26 ലക്ഷത്തിന്റെ സ്വത്താണുള്ളത്. ഭാര്യയ്ക്ക് 80 ഗ്രാം സ്വർണം ഉൾപ്പെടെ 29.87 ലക്ഷത്തിന്റെ സ്വത്തുണ്ട്.