ലിവർപൂളിനും ചെൽസിക്കും തോൽവി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ മുൻനിര ക്ളബുകളായ ലിവർപൂളിനും ചെൽസിക്കും തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രൈറ്റണാണ് ലിവർപൂളിനെ തോൽപ്പിച്ചത്. ചെൽസി എവർട്ടണിനോട് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് തോറ്റത്.
ബ്രൈറ്റന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 14,56 മിനിട്ടുകളിൽ ഡാനി വെൽബെക്കാണ് ആതിഥേയർക്കായി സ്കോർ ചെയ്തത്. 30-ാം മിനിട്ടിൽ മിലോസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീട് വലകുലുക്കാൻ ലിവർപൂളിനായില്ല. ഈ സീസണിലെ 31 മത്സരങ്ങളിൽ പത്താം തോൽവി വഴങ്ങിയ ലിവർപൂൾ 49 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബെറ്റോയുടെ ഇരട്ട ഗോളുകളും ഇലിമൻ ൻദിയേയുടെ ഗോളുമാണ് ചെൽസിക്കെതിരെ എവർട്ടണിന് വിജയം നൽകിയത്. ഈ വിജയത്തോടെ 31 മത്സരങ്ങളിൽ 46 പോയിന്റായ എവർട്ടൺ എട്ടാം സ്ഥാനത്താണ്. 48 പോയിന്റുള്ള ചെൽസി ആറാമതും.
31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ആഴ്സനലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 30 കളികളിൽ നിന്ന് 61 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.