ദക്ഷിണാഫ്രിക്കയ്ക്ക് ജയം, പരമ്പര സമനിലയിൽ

Monday 23 March 2026 12:07 AM IST

വെല്ലിംഗ്ടൺ : ന്യൂസിലാൻഡിന് എതിരായ നാലാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക 19 റൺസിന് ജയിച്ചതോടെ അഞ്ചുമത്സര പരമ്പര 2-2ന് സമനിലയിലായി. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 164/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ന്യൂസിലൻഡ് 18.5 ഓവറിൽ 145 റൺസിന് ആൾഔട്ടാവുക യായിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങി റണ്ണെടുക്കും മുമ്പ് ഓപ്പണർ വിയാൻ മുൾഡറെ (0) നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഫസ്റ്റ് ഡൗണായിറങ്ങിയ കോണോർ എസ്റ്റർഹ്യൂസൻ (57) നേടിയ അർദ്ധസെഞ്ച്വറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ടോണി ഡി സോർസി (23), റൂബിൻ ഹെർമ്മൻ (28 നോട്ടൗട്ട്), ഡിയാൻ ഫോറെസ്റ്റർ (19), ജാസൺ സ്മിത്ത്(19), ജോർജ് ലിൻഡേ(14*) എന്നിവരുടെ പിന്തുണയും വിലപ്പെട്ടതായി. കിവീസിനായി കൈൽ ജാമീസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ആതിഥേയരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറാൾഡ് കോറ്റ്സെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഒറ്റേനിൽ ബാർട്ട്മാനും പ്രണാളൻ സുബ്രേയനും ക്യാപ്ടൻ കേശവ് മഹാരാജും ചേർന്നാണ് ചിതറിച്ചത്.ഓപ്പണർ ടിം റോബിൻസൺ (32),ഡേൻ ക്ളീവർ (26), നിക്ക് കെല്ലി (19) എന്നിവർക്ക് മാത്രമാണ് കിവീസ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനാ യത്.

നിർണായകമായ അഞ്ചാം ട്വന്റി-20 മത്സരം ബുധനാഴ്ച ക്രൈസ്റ്റ്ചർച്ചിൽ നടക്കും.