കറ്റാലയുടെ കസേര തെറിച്ചു

Monday 23 March 2026 12:08 AM IST

കൊച്ചി: ഐ.എസ്.എൽ സീസണിലെ ആറുമത്സരങ്ങളിൽ അഞ്ചിലും തോറ്റ കേരള ബ്ളാസ്റ്റേഴ്സ് തങ്ങളുടെ സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കി. കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്.സിയിൽ നിന്ന് 1-3ന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ക്ളബ് കടുത്ത തീരുമാനമെടുത്തത്. കരാർ അവസാനിപ്പിക്കുന്നതിനെപ്പറ്റി കോച്ചും മാനേജ്‌മെന്റും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയതായാണ് വിവരം.പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിച്ചേക്കും.

2025 മാർച്ചിലാണ് ബ്ലാസ്റ്റേഴ്സ് ഒരു വർഷ കരാറിൽ 45കാരനായ മുൻ സ്പാനിഷ് താരത്തെ മുഖ്യപരിശീലകനായി എത്തിച്ചത്. എസ്പാന്യോൾ അടക്കമുള്ള പ്രമുഖ സ്പാനിഷ് ക്ളബുകൾക്കായി 500ലധികം പ്രൊഫഷണൽ ഫുട്ബാൾ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ കറ്റാല, സൈപ്രസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെയടക്കം പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് കൊച്ചിയിലെത്തിയത്. എന്നാൽ ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1ന്റെ സമനില നേടിയതൊഴിച്ചാൽ തീർത്തും നിരാശാജനകമായിരുന്നു ടീമിന്റെ സ്ഥിതി. ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിൽ നിരനിരയായി നാലുമത്സരങ്ങളാണ് തോറ്റത്. 14 ടീമുകളടങ്ങുന്ന ലീഗിൽ പോയിന്റ് പട്ടികയിൽ 13ാം സ്ഥാനത്താണ് ടീം. ഈ സ്ഥിതി തുടർന്നാൽ ഐ.എസ്.എല്ലിൽ നിന്ന് ക്ലബ് ഐ ലീഗിലേക്ക് തരംതാഴ്ത്തപ്പെടും.

കറ്റാലയുടെ ബ്ളാസ്റ്റേഴ്സ്

1. ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് 0-2ന് തോറ്റു.

2.ഹോംഗ്രൗണ്ടിൽ ആദ്യ മത്സരത്തിൽ മുംബയ് സിറ്റിയുമായി 0-1ന് തോൽവി.

3.കൊച്ചിയിലെ അടുത്ത തോൽവി ഇന്റർ കാശിയുമായി 1-2ന്.

4.അടുത്ത ഹോം മാച്ചിൽ ചെന്നൈയിനുമായി തോൽവി 0-1ന്.

5. ഈസ്റ്റ് ബംഗാളുമായി കൊൽക്കത്തയിൽ 1-1ന്റെ സമനില

6. പഞ്ചാബ് എഫ്.സിയുമായി കൊച്ചിയിൽ 1-3ന്റെ തോൽവി.

ബ്ളാസ്റ്റേഴ്സിന്റെ കോച്ചുമാർ

ഡേവിഡ് ജെയിംസ് - 2014

പീറ്റർ ടെയ്‌ലർ - 2015

ട്രെവർ മോർഗൻ - 2015

ടെറി ഫെലാൻ - 2015

സ്റ്റീവ് കോപ്പൽ -2016

റെനി മൗളൻസ്റ്റീൻ - 2017

ഡേവിഡ് ജെയിംസ് - 2018

നെലോ വിൻഗാദ - 2019

എൽകോ ഷട്ടോരി - 2019

കിബു വികുന -2020

ഇവാൻ വുകോമനോവിച്ച് - 2021

മൈക്കേൽ സ്റ്റാറേ - 2024

ഡേവിഡ് കറ്റാല - 2026