നടരാജഗുരു ഗുരുദേവനിൽ ജീവിതം സമർപ്പിച്ചു : സ്വാമി സച്ചിദാനന്ദ

Monday 23 March 2026 12:14 AM IST

വർക്കല: നാരായണ ഗുരുദേവനിൽ ജീവിതം സമർപ്പിച്ച മഹാത്മാവാണ് നടരാജ ഗുരുവെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു . വർക്കല നാരായണ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ 54-ാ മത് സമാധി വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടരാജ ഗുരുവിന്റെ ദാർശനീക സംഭാവനകൾ അതി ബ്രഹൃത്താണ് . നടരാജ ഗുരു സ്ഥാപിച്ച ഗുരുകുലങ്ങൾ നാരായണ ഗുരുവിന്റെ സത്യദർശനത്തിന്റെ മാതൃകയായി പരിലസിക്കുന്നുവെന്നും സ്വാമി പറഞ്ഞു.നാരായണഗുരുകുലദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ശാസ്ത്രവും ദർശനവും തമ്മിലുള്ള ദർശനം എങ്ങനെ സാധ്യമാകും എന്നതായിരുന്നു നടരാജ ഗുരു രചിച്ച അൻ ഇന്റഗ്രേറ്റ് സയൻസ് ഓഫ് ദി അബ്സൊല്യൂട്ടിന്റെ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. നാരായണ ഗുരുവിന്റെ കൃതികളും ദർശനവും ആഴത്തിൽ പഠിച്ചു ലോകത്തിന്റെ മുമ്പിൽ വ്യക്തമാക്കുകയായിരുന്നു നടരാജ ഗുരുവിന്റെ ജീവിതലക്ഷ്യമെന്ന്,മുഖ്യ പ്രഭാഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. ഡോ.പി. കെ. സാബു രചിച്ച പുരുഷാർത്ഥം:ജീവിതത്തിന് ഒരു സൗന്ദര്യശാസ്ത്രം എന്ന പുസ്തകം ഗുരു മുനി നാരായണ പ്രസാദ് ജസ്റ്റിസ്‌ അലക്സാണ്ടർ തോമസിന് നൽകി പ്രകാശനം ചെയ്തു. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, സ്വാമി മന്ത്ര ചൈതന്യ , ഗുരുകുല ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: വർക്കല നാരായണ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ 54-ാ മത് സമാധി വാർഷിക അനുസ്മരണ സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.നാരായണ ഗുരുകുലദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ്,

സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, സ്വാമി മന്ത്ര ചൈതന്യ ,അലക്സാണ്ടർ തോമസ് എന്നിവർ സമീപം.