താഴിടാതിരിക്കാൻ പാടുപെട്ട് ഹോട്ടൽ മേഖല: വൈദ്യുതി നിരക്കും കുതിച്ചുയരുന്നു

Monday 23 March 2026 12:39 AM IST

മലപ്പുറം: പാചക വാതക പ്രതിസന്ധി രൂക്ഷമായിരിക്കെ ഹോട്ടലുകളിലെ വൈദ്യുതി നിരക്കും കുതിച്ചുയരുന്നു. വാണിജ്യാവശ്യത്തിനുള്ള പാചക വാതകം ലഭിക്കാത്തതോടെ ഇൻഡക്ഷ‌ൻ കുക്കർ, ഇൻഡക്ഷൻ കോയിൽ, ഇലക്ട്രിക്ക് കെറ്റിൽ എന്നിവയെ ആണ് കൂടുതലായും ആശ്രയിക്കുന്നത്. ഇവയ്ക്ക് വൈദ്യുതി നിരക്ക് കൂടുതലായതിനാൽ സാമ്പത്തികമായി വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഹോട്ടൽ വ്യാപാരികൾ പറയുന്നു. ചൈനീസ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി വിറകടുപ്പിൽ പാചകം ചെയ്യുന്ന നാടൻ വിഭവങ്ങൾ തയ്യാറാക്കാനുള്ള ശ്രമങ്ങളും ജില്ലയിൽ പലയിടങ്ങളിലായി നടക്കുന്നുണ്ട്. വാണിജ്യാവശ്യത്തിനുള്ളവ ലഭ്യമല്ലാത്തതിനാൽ ജില്ലയിൽ അടച്ചുപൂട്ടിയത് 170ഓളം ഹോട്ടലുകളാണ്. നിലവിൽ 30 ശതമാനം ഹോട്ടലുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ റംസാൻ മാസമായതോടെ അടച്ച് പൂട്ടിയതാണ്. അവയെല്ലാം തുറന്ന് പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സ്ഥിതിയാണ്. ജില്ലയിൽ 3,000ത്തിലധികം ചെറുതും വലുതുമായ ഹോട്ടലുകളാണുള്ളത്. ഹോട്ടൽ അടച്ച് പൂട്ടാതെ നിലനിറുത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പലരും കരിഞ്ചന്തയിൽ നിന്ന് വാങ്ങുന്ന ഗ്യാസാണ് ഉപയോഗിക്കുന്നത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 4,000 രൂപ വരെ വരും. ഇതും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ ഹോസ്റ്റലുകളുടെയും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയാണ്.

ഭായിമാർ പോയാൽ?

ഹോട്ടലുകൾ താൽക്കാലികമായി അടച്ചിട്ടാൽ ഇതര സംസ്ഥാനത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങും. ഗ്യാസ് പ്രതിസന്ധി തീർന്നാലും പിന്നീട് അവർ തിരിച്ച് വരുമോ എന്ന ആശങ്കയും ഹോട്ടൽ ഉടമകൾക്കുണ്ട്. ജില്ലയിലെ രണ്ട് ലക്ഷത്തോളം ഇതര സംസ്ഥാനത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ജില്ലയിലെ ഭൂരിഭാഗം ഹോട്ടൽ, ബേക്കറി, ചെറുകിട വ്യവസായം, കാർഷികം, പൊതുമരാമത്ത്‌ മേഖലകളിലെല്ലാം കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയുന്നത്. ഹോട്ടൽ മേഖലയിൽ ക്ലീനിങ്, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലും കൂടുതലും ഇവരാണ്.

വിറകടുപ്പിൽ വയ്ക്കാൻ സാധിക്കുന്ന വിഭവങ്ങൾ മാത്രം പാചകം ചെയ്യുന്ന സ്ഥിതിയിലേക്ക് പല ഹോട്ടലുകളും മാറിയിട്ടുണ്ട്. അടച്ചിടാതെ എങ്ങനെയെങ്കിലും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണിവർ

സജീർ ജോളി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി