ചാലിശ്ശേരിയിൽ നെല്ല് സംഭരണം തുടങ്ങി

Monday 23 March 2026 1:50 AM IST
ചാലിശ്ശേരി പെരുമണ്ണൂർ പാടശേഖരത്ത് നിന്ന് നെല്ല് സംഭരിക്കുന്നു.

പട്ടാമ്പി: ചാലിശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് തെക്കേക്കര ഹരിത പാടശേഖരത്തിലും പെരുമണ്ണൂർ പാടശേഖരത്തിലും മഴയിൽ നനഞ്ഞ് കിടന്നിരുന്ന നെല്ല് കാത്തിരിപ്പിനൊടുവിൽ സംഭരിച്ചു തുടങ്ങി. ടോക്കൺ ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭരണം വൈകിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായതിനെക്കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്തംഗം ടി.കെ.സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹുസൈൻ പുളിയഞ്ഞാൽ, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു എന്നിവർ ബന്ധപ്പെട്ട അധികാരികളെ വിളിച്ചു വസ്തുത ബോധ്യപ്പെടുത്തി. മൂന്നാമത്തെ മഴയിലും നനഞ്ഞ പാടത്ത് കിടന്നിരുന്നത് 830 നെല്ല് ചാക്കുകൾ ടാർപായ വിരിച്ച് സംരക്ഷിച്ച നിലയിലായിരുന്നുവെങ്കിലും തുടർച്ചയായ മഴ കർഷകരുടെ ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ഓരോ മഴയ്ക്കും നെല്ല് ഉണക്കാനും സൂക്ഷിക്കാനുമായി ആയിരക്കണക്കിനു രൂപ ചെലവഴിക്കേണ്ടി വന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമാക്കി. പാടത്ത് കിടന്നിരുന്ന ആകെയുള്ള 830 ചാക്ക് നെല്ലാണ് മില്ലുടമകൾ സംഭരിച്ച് തുടങ്ങിയത്. പെരുമണ്ണൂരിൽ നിന്ന് 380 ചാക്കും ഹരിത പാടശേഖരത്തിൽ നിന്ന് 500 ചാക്കും മൂന്ന് ലോറികളിലായി ആദ്യഘട്ടത്തിൽ കൊണ്ടുപോയി. വൈകിയെങ്കിലും ശേഖരണം ആരംഭിച്ചതു കർഷകർക്ക് ആശ്വാസമായി. ആറുമാസം കഠിനാധ്വാനം ചെയ്ത് വിളയിച്ച നെല്ല് നശിക്കമോയെന്ന ആശങ്കയിൽ കഴിയുകയായിരുന്ന കർഷകർക്ക് നടപടി വലിയ ആശ്വാസമായി. അതേ സമയം വീടുകളിലും പറമ്പുകളിലായും മറ്റുമായി നൂറുകണക്കിന് ചാക്ക് നെല്ല് ഇനിയും സംഭരിക്കാതെ കിടക്കുകയാണ്. ഇവയും വേഗത്തിൽ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.