കാമറയ്ക്ക് കട്ട് പറഞ്ഞപ്പോൾ, രാഖിക്ക് ട്രാക്കിൽ വെള്ളി
കൊല്ലം: മിനിസ്ക്രീൻ താരപ്പകിട്ടില്ലാതെ പൊരിവെയിലത്ത് ട്രാക്കിലിറങ്ങിയ ആർ.രാഖിക്ക് വെള്ളിത്തിളക്കം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് കായിക മേളയിലാണ് 3000 മീറ്റർ നടത്തത്തിൽ സീരിയൽ നടി രണ്ടാം സ്ഥാനം നേടിയത്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ട്രാക്കിൽ വേഗതയേറിയ ചുവടുകളുമായി രാഖി കരുത്തറിയിച്ചു. നിലവിൽ 'കന്യാദാനം' പരമ്പരയിൽ ഡോ.അരുന്ധതി എന്ന പ്രധാന വേഷം ചെയ്യുന്ന രാഖി സീരിയൽ ലൊക്കേഷനിൽ നിന്നാണ് കായിക മേളയിലെത്തിയത്. ടീച്ചറമ്മ, ഇഷ്ടംമാത്രം എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.എ മലയാളം വിദ്യാർത്ഥിനിയാണ് രാഖി. നവംബറിൽ കോഴിക്കോട് നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിലും ആർ.രാഖിക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. പാട്ടും പാടും. പാരിപ്പള്ളി പള്ളിവിള തിരുവാതിര വീട്ടിൽ രാഖിക്ക് കായിക മേളയിൽ ഇനിയും രണ്ടിനങ്ങളിൽ ബാക്കിയുണ്ട്.
അമ്മയുടെ പ്രോത്സാഹനത്തിൽ അഭിനയരംഗത്തേക്ക്
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റാണ്
രാജേന്ദ്രൻ- സുഭഗ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാൾ
കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് നഴ്സിംഗ് അസിസ്റ്റന്റായി വിരമിച്ച അമ്മ ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്
അമ്മയുടെ പ്രോത്സാഹനത്തിൽ രാഖിയും അഭിനയരംഗത്തേക്ക്
ജോലിയും അഭിനയവും ഒരുപോലെ കൊണ്ടുപോകുമ്പോഴാണ് പഠനത്തിരക്കും
പുലർച്ചെ വീടിനടുത്തുള്ള റോഡിൽ നടന്നായിരുന്നു പരിശീലനം
പ്ളസ് ടു കഴിഞ്ഞ് നഴ്സിംഗ് പഠനത്തിനൊരുങ്ങുന്ന മകൻ എ.അശ്വിനും പ്രോത്സാഹനമാണ്
പരിശീലനമൊന്നും ലഭിച്ചില്ല, വീടിന് സമീപത്തെ റോഡിൽ എന്നും രാവിലെ നടന്ന് ശീലിച്ചു. ട്രാക്കിലെത്തിയപ്പോൾ ആവേശത്തോടെ നടന്നു.
ആർ.രാഖി