ശബരിമല സ്വർണക്കൊള്ള: റാന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ തള്ളി കുമ്മനം

Monday 23 March 2026 1:08 AM IST
a

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ റാന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി നടത്തിയ പരാമർശത്തെ തള്ളി ആറൻമുളയിലെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ.സ്വർണക്കൊള്ളയിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും റാന്നിയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി തോമസ്.കെ.സാമുവൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.ഇതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്.ഇതിനിടയിൽ ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രസ്താവന എൽ.ഡി.എഫ് ഏറ്റുപിടിച്ചിരുന്നു.

അതേസമയം, സ്വർണക്കൊള്ള പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് ആറൻമുളയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ ആവർത്തിച്ചു.

സ്വർണക്കൊള്ളയ്ക്കെതിരെ ബി.ജെ.പി മാത്രമാണ് ശക്തമായ സമരം നടത്തിയത്.സർക്കാർ ഒത്താശയോടെ നടന്ന കൊള്ളയിൽ ജയിലിൽ കിടന്ന പ്രതികളിൽ പ്രമുഖർ സി.പി.എം നേതാക്കളാണെന്നും കുമ്മനം ചൂണ്ടികാട്ടി.