'തോമസ് ഐസക്കിനോട് സ്‌നേഹം മാത്രം, സംസ്‌കാരം സമരം ചെയ്‌താൽ കിട്ടുന്നതല്ല' മറുപടിയുമായി പിഷാരടി

Monday 23 March 2026 9:25 AM IST

പാലക്കാട്: മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. അനാവശ്യ പരാമർശങ്ങൾക്കില്ലെന്നും സംസ്‌കാരം സമരംചെയ്‌താൽ കിട്ടുന്നതല്ലെന്നുമാണ് പിഷാരടി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

'തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണുള്ളത്. സംസ്‌കാരം സമരംചെയ്‌താൽ കിട്ടുന്നതല്ല. എനിക്ക് സംസ്‌കാരം കൂടിയുണ്ട്. ഐസക്കിനോട് ഒപ്പംനിന്ന് മറുപടി പറയാനില്ല. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?' രമേഷ് പിഷാരടി ചോദിക്കുന്നു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും പിഷാരടി ഓർമ്മിപ്പിച്ചു.

കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക്ക് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പാലക്കാട്ടെ സ്ഥാനാർത്ഥി സിനിമാക്കാരനായ രമേഷ് പിഷാരടിയല്ലെന്നും കോൺഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണെന്നും യുഡിഎഫ് മറുപടി നൽകിയിരുന്നു.