ആശ്വാസ വാർത്തയുമായി ക്രിസ്റ്റ്യാനോ
Tuesday 24 March 2026 2:20 AM IST
മാഡ്രിഡ് : പരിക്കിൽ നിന്ന് താൻ മോചിതനായിവരുന്നു എന്ന ആശ്വാസവാർത്തയുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞമാസം സൗദി ക്ളബ് അൽ നസറിന് വേണ്ടി കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോയ്ക്ക് പേശിവലിവ് അനുഭവപ്പെട്ടത്. ഉടൻതന്നെ മാഡ്രിഡിലേക്ക് പോയ റൊണാൾഡോ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വ്യായാമം ചെയ്യുന്ന ചിത്രമടക്കമാണ് സോഷ്യൽ മീഡിയയിൽ താൻ സുഖം പ്രാപിച്ചുവരികയാണെന്ന സന്ദേശം ഇന്നലെ നൽകിയത്.
ഇതോടെ ഈ വർഷത്തെ ലോകകപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാൻ കഴിയുമോയെന്ന ആരാധകരുടെ സന്ദേഹത്തിന് സമാധാനമായിട്ടുണ്ട്. പരിക്കുമൂലം ഈ മാസം മെക്സിക്കോയ്ക്കും അമേരിക്കയ്ക്കും എതിരെ നടക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള പോർച്ചുഗീസ് ടീമിൽ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തിയിരുന്നില്ല.