ബ്ളാസ്റ്റേഴ്സിലേക്ക് ആഷ്‌ലി വെസ്റ്റ് വുഡ്

Tuesday 24 March 2026 2:21 AM IST

കൊച്ചി : കഴിഞ്ഞദിവസ പുറത്താക്കിയ പരിശീലകൻ ഡേവിഡ് കറ്റാലയ്ക്ക് പകരം മുൻ ബെംഗളുരു എഫ്.സി പരിശീലകനായ ഇംഗ്ളണ്ടുകാരൻ ആഷ്‌ലി വെസ്റ്റ്‌വുഡിനെ എത്തിക്കാൻ കേരള ബ്ളാസ്റ്റേഴ്സ്. 2013 മുതൽ 2016വരെ ബെംഗളുരു എഫ്.സിയുടെ പരിശീലകനായിരുന്നു ആഷ്ലി.2018ൽ കുറച്ചുനാൾ എ.ടി.കെയുടെ താത്കാലിക പരിശീലകനുമായിരുന്നു. 2021-22 സീസണിൽ പഞ്ചാബ് എഫ്.സിയുടെ കോച്ചായിരുന്നു. പഞ്ചാബ് വിട്ട് 2024ൽ അഫ്ഗാനിസ്ഥാൻ ദേശീയ ടീമിന്റേയും 2025ൽ ഹോംഗ്കോംഗ് ടീമിന്റേയും കോച്ചായി ജോലി നോക്കിയ ആഷ്‌ലി ഇപ്പോൾ കരാർ കാലാവധി കഴിഞ്ഞ് നിൽക്കുകയായാണ്.

ഇന്ത്യൻ സാഹചര്യങ്ങളും ഇന്ത്യൻ താരങ്ങളുടെ ശൈലിയും രീതികളും നന്നായി അറിയാവുന്ന ആഷ്‌ലിക്ക് എളുപ്പത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റിനുള്ളത്. ഐ.എസ്.എൽ സീസണിലെ ആറുമത്സരങ്ങളിൽ അഞ്ചിലും തോറ്റതോടെയാണ് ബ്ളാസ്റ്റേഴ്സ് കറ്റാലയെ മാറ്റിയത്. പഞ്ചാബ് എഫ്.സിയിൽ നിന്ന് 1-3ന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ക്ളബ് കടുത്ത തീരുമാനമെടുത്തത്.

2025 മാർച്ചിലാണ് ബ്ലാസ്റ്റേഴ്സ് ഒരു വർഷ കരാറിൽ 45കാരനായ മുൻ സ്പാനിഷ് താരത്തെ മുഖ്യപരിശീലകനായി എത്തിച്ചത്. എസ്പാന്യോൾ അടക്കമുള്ള പ്രമുഖ സ്പാനിഷ് ക്ളബുകൾക്കായി 500ലധികം പ്രൊഫഷണൽ ഫുട്ബാൾ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ കറ്റാല, സൈപ്രസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെയടക്കം പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് കൊച്ചിയിലെത്തിയത്. എന്നാൽ ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1ന്റെ സമനില നേടിയതൊഴിച്ചാൽ തീർത്തും നിരാശാജനകമായിരുന്നു ടീമിന്റെ സ്ഥിതി. ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിൽ നിരനിരയായി നാലുമത്സരങ്ങളാണ് തോറ്റത്. 14 ടീമുകളടങ്ങുന്ന ലീഗിൽ പോയിന്റ് പട്ടികയിൽ 13ാം സ്ഥാനത്താണ് ടീം. ഈ സ്ഥിതി തുടർന്നാൽ ഐ.എസ്.എല്ലിൽ നിന്ന് ക്ലബ് ഐ ലീഗിലേക്ക് തരംതാഴ്ത്തപ്പെടും.

ബ്ളാസ്റ്റേഴ്സിന്റെ കോച്ചുമാർ

ഡേവിഡ് ജെയിംസ് - 2014

പീറ്റർ ടെയ്‌ലർ - 2015

ട്രെവർ മോർഗൻ - 2015

ടെറി ഫെലാൻ - 2015

സ്റ്റീവ് കോപ്പൽ -2016

റെനി മൗളൻസ്റ്റീൻ - 2017

ഡേവിഡ് ജെയിംസ് - 2018

നെലോ വിൻഗാദ - 2019

എൽകോ ഷട്ടോരി - 2019

കിബു വികുന -2020

ഇവാൻ വുകോമനോവിച്ച് - 2021

മൈക്കേൽ സ്റ്റാറേ - 2024

ഡേവിഡ് കറ്റാല - 2026