അട്ടപ്പാടിയിൽ 24 മണിക്കൂ‌റും ആംബുലൻസ് ഉറപ്പാക്കണം

Tuesday 24 March 2026 1:52 AM IST

പാലക്കാട്: ദുർബല ജനവിഭാഗങ്ങൾ താമസിക്കുന്ന അട്ടപ്പാടി മേഖലയിൽ റഫറൽ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് സൗകര്യം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കണം. അഗളി ആദിവാസി മേഖലയിൽ മതിയായ ആംബുലൻസ് സൗകര്യമില്ലാത്തത് കാരണം രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന പരാതിയിലാണ് നടപടി. അട്ടപ്പാടിയിൽ സർവീസ് നടത്തുന്ന എട്ട് ആമ്പുലൻസുകളുടെയും സേവനം ഉറപ്പാക്കണം. വനമേഖലയുടെ പരിസ്ഥിതി പരിഗണിച്ച് പോലീസ് വകുപ്പിന് കീഴിൽ മതിയായ സൗകര്യങ്ങളോടു കൂടി ആംബുലൻസ് അനുവദിക്കേണ്ടതാണ്. ഇതിനായി സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് അഗളി സബ് ഡിവിഷൻ ഡി.വൈ.എസ്.പി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണം. ഓരോ ദിവസവും എത്ര ആംബുലൻസ് ഓടിയിട്ടുണ്ടെന്ന വിവരം റിപ്പോർട്ടാക്കി മാസത്തിലൊരിക്കൽ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

 പുതിയ ആംബുലൻസുകൾ വാങ്ങണം

ഡ്രൈവർമാരുടെ കുറവുണ്ടെങ്കിൽ പി.എസ്.സി വഴി ജീവനക്കാരെ നിയമിക്കണം. ഇതിന് കാലതാമസമുണ്ടെങ്കിൽ കരാർ/ദിവസ വേതന ജീവനക്കാരെ അടിയന്തരമായി നിയമിക്കാനുള്ള നടപടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണം. കാലപ്പഴക്കമുള്ള രണ്ട് ആംബുലൻസുകൾ മാറ്റി പുതിയ രണ്ടെണ്ണം വാങ്ങാനുള്ള നടപടി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി സ്വീകരിക്കണം. പൊലീസ് വകുപ്പിന് കീഴിൽ ഒരു ആംബുലൻസ് അനുവദിക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നൽകിയിട്ടുള്ളതായി അഗളി ഡിവൈ.എസ്.പി കമ്മീഷനെ അറിയിച്ചു. 8 ആംബുലൻസ് പ്രവർത്തന സജ്ജമാണെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ആംബുലൻസ് ഡ്രൈവർമാരുടെ സ്ഥിരം തസ്തികയിൽ 2 ഡ്രൈവർമാരുടെ ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഡ്രൈവർമാർ അവധിയെടുത്താൽ എല്ലാ ആംബുലൻസുകളും ഉപയോഗിക്കാനാവില്ല. നിലവിൽ ഉപയോഗിക്കുന്ന 2 ആംബുലൻസുകൾക്ക് കാലപ്പഴക്കമുള്ളതിനാൽ മണ്ണാർക്കാട് ഭാഗത്തെ ആശുപത്രികളിലെത്താൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.