എട്ടാം ശമ്പളക്കമ്മിഷൻ ലോട്ടറി; കുടിശിക കിട്ടുന്നത് 15 ലക്ഷംവരെ
ന്യൂഡൽഹി: അടുത്ത കൊല്ലം ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പിലായാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് വൻ സാമ്പത്തിക നേട്ടമെന്ന് സൂചന. 18,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് ഏകദേശം 3.6- 5.65 ലക്ഷം രൂപ വരെയും ഉയർന്ന അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് ഏകദേശം 15 ലക്ഷം രൂപ വരെയും കുടിശ്ശിക ലഭിച്ചേക്കും.
2026 ജനുവരി മുതൽ നിലവിൽ വരുമെങ്കിലും പുതിയ ശമ്പള ഘടന അന്തിമമാക്കാനും അംഗീകരിക്കാനും സമയമെടുക്കുമെന്നതിനാൽ, ഏകദേശം 20 മാസത്തെ കുടിശ്ശിക ലഭിക്കുമെന്നാണ് സൂചന. ഫിറ്റ്‌മെന്റ് ഘടകം, ശമ്പള നിലവാരം, ഓരോ ജീവനക്കാരന്റെയും അടിസ്ഥാന ശമ്പളം എന്നിവയെ ആശ്രയിച്ച് കുടിശ്ശിക വ്യത്യാസപ്പെടും.
ശമ്പളം നിശ്‌ചയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ 3 അല്ലെങ്കിൽ 3.25 ആയി നിലനിർത്തണമെന്ന് ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് അംഗീകരിച്ചാൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 54,000 രൂപയായി ഉയരും.
വിക്ടിം കോമ്പൻസേഷൻ കുടിശിക: ധനസെക്രട്ടറി ഹാജരാകണം
കൊച്ചി: ലൈംഗികാതിക്രമം അടക്കമുളള കുറ്റകൃത്യങ്ങൾക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കും വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി 30ന് പരിഗണിക്കാൻ മാറ്റി. തുക നൽകുന്നതിലെ കാലതാമസം വിശദീകരിക്കാൻ അന്ന് ധനകാര്യ സെക്രട്ടറി ഓൺലൈനിൽ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം 2022 മുതൽ 47 കോടി രൂപയും മീഡിയേറ്റർമാരുടെ ഫീസിനത്തിൽ 10 കോടി രൂപയുമാണ് നൽകാനുള്ളത്. ഇത് മുടങ്ങിയതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.