മലക്കംമറിഞ്ഞ് ദേവസ്വം ബോർഡ് യുവതി പ്രവേശനം വേണ്ട
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിയെ മാനിക്കുന്നുവെന്നും, നടപ്പാക്കാൻ സമയം വേണമെന്നും 2019 നവംബറിൽ സുപ്രീംകോടതിയെ അറിയിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്നലെ യുടേണടിച്ചു. യുവതീപ്രവേശന വിലക്ക് അനിവാര്യമാണെന്ന് നിലപാടെടുത്തു. 10നും 50നും ഇടയ്‌ക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ക്ഷേത്രത്തിലെ പുരാതനവും അനിവാര്യവുമായ ആചാരത്തിന്റെ ഭാഗമാണെന്ന് രേഖാമൂലം എഴുതി നൽകി.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ എന്നിവയിലെ അവസാന വാക്ക് താഴമൺ കുടുംബത്തിലെ തന്ത്രിയുടേതാണ്. അദ്ദേഹമാണ് അധികാരിയെന്നും വ്യക്തമാക്കി.
ശബരിമലയിലെ അടക്കം മതസ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമ പ്രശ്‌നങ്ങളിലാണ് നിലപാടറിയിച്ചത്. ഏപ്രിൽ 7 മുതൽ 9 അംഗ ബെഞ്ച് വാദം കേൾക്കും. ഇന്നലെയായിരുന്നു വാദമുഖങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. 2019ൽ ബോർഡിനു വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദിയെ മാറ്റിയിരുന്നു. പകരം മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയാണ് വാദമുഖങ്ങൾ സമർപ്പിച്ചത്.
ബോർഡ്
പറയുന്നത്
1.ജാതിയും മതവും നോക്കിയല്ല ഭക്തരെ പ്രവേശിപ്പിക്കുന്നത്
2.സ്‌ത്രീകളുടെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം
3.ഏതു ജാതിയിലെയും മതത്തിലെയും 10നും 50നുമിടയിലെ സ്ത്രീകൾക്ക് നിയന്ത്രണം
ബാധകം.
4.അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം,ശുദ്ധി എന്നിവയുമായി ബന്ധപ്പെട്ടാണ് വിലക്ക്
5.ദേവന്റെ വിശുദ്ധി നിലനിർത്തണം
അയ്യപ്പന്മാർ
പ്രത്യേക വിഭാഗം
41 ദിവസം വ്രതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പന്മാർ പ്രത്യേക വിഭാഗമാണെന്നും, ശബരിമല അത്തരത്തിൽ പ്രത്യേക വിഭാഗത്തിന്റെ ക്ഷേത്രമാണെന്നുമാണ് ബോർഡ് പറഞ്ഞുവയ്‌ക്കുന്നത്. ആയിരക്കണക്കിന് അയ്യപ്പക്ഷേത്രമുണ്ടെങ്കിലും നൈഷ്‌ഠിക ബ്രഹ്മചാരി രൂപത്തിലുള്ള ദേവൻ ശബരിമലയിൽ മാത്രമാണ്.
ഒരു പ്രത്യേക ആചാരം ആ മതത്തിന്റെ "അനിവാര്യവും അവിഭാജ്യവുമായ ഘടകമാണോ" എന്ന് കോടതി നിർണയിക്കേണ്ടത് മതത്തിന്റെ തത്വങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാകണം. യുക്തി നോക്കിയാകരുത്. ആചാരം ഹിന്ദുമതത്തിന് അനിവാര്യമാണോ എന്നതല്ല, ഈ പ്രത്യേക ക്ഷേത്രത്തിലെ ആരാധനയ്‌ക്ക് അനിവാര്യമാണോ എന്നതാണ് നോക്കേണ്ടത്. ശബരിമലയിൽ സാമൂഹിക വിവേചനത്തിന്റെ വിഷയമില്ലെന്നും ബോർഡ് പറയുന്നു.