കർഷകർക്ക് നെൽവില: ഫയലിൽ ഒതുങ്ങി റിവോൾവിംഗ് ഫണ്ട് , പി.ആർ.എസ് വായ്പയ്ക്ക് പകരം സംവിധാനം

Tuesday 24 March 2026 12:00 AM IST

ആലപ്പുഴ: നെല്ല് സംഭരണത്തിൽ കർഷകർക്ക് യഥാസമയം വില ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ റിവോൾവിംഗ് ഫണ്ട് നടപ്പാക്കുമെന്ന പ്രഖ്യാപനം ഫയലിലൊതുങ്ങി. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലും ബഡ്ജറ്റിലും പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. പി.ആർ.എസ് വായ്പയായി നൽകുന്നത് കാലതാമസത്തിന് ഇടയാക്കുന്നതിനാലാണ് ബദൽ സംവിധാനം പ്രഖ്യാപിച്ചത്.

ഭൂമി തരംമാറ്റലിന് ഫീസായി ഈടാക്കുന്ന തുകയിൽ നിശ്ചിത ശതമാനം നെൽകൃഷി പ്രോത്സാഹനത്തിന് മാറ്റിവച്ച് സപ്ളൈകോ സംഭരിക്കുന്ന നെല്ലിന്റെ വിലയായി 24 മണിക്കൂറിനുള്ളിൽ കർഷകരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018ൽ നിയമഭേദഗതിക്കു ശേഷം 2025 നവംബർവരെ 1824.15 കോടിയാണ് ഭൂമി തരംമാറ്റൽ ഇനത്തിൽ സർക്കാരിന് ഫീസായി ലഭിച്ചത്. എന്നാൽ, റിവോൾവിംഗ് ഫണ്ടിനായി ഇതിൽനിന്ന് ഇതുവരെ തുകമാറ്റിയിട്ടില്ല.

കടക്കെണിയിൽ കർഷകർ

1.അഞ്ചുവർഷത്തിനിടെ വളത്തിനും കീടനാശിനിക്കുമുണ്ടായ വിലക്കയറ്റവും കൂലിച്ചെലവും കർഷകരെ കടക്കാരാക്കി

2.നെല്ലിന്റെ കൈകാര്യച്ചെലവായി ക്വിന്റലിന് സർക്കാർ നൽകുന്ന 12 രൂപ 18 വർഷംമുമ്പ് പ്രഖ്യാപിച്ചതാണ്. പിന്നീടിത് പരിഷ്കരിച്ചിട്ടില്ല

3.പാട്ടത്തുക,വിത്ത്,കൂലിച്ചെലവ് ഉൾപ്പെടെ ഒരു ഹെക്ടറിലെ കൃഷിക്ക് ആകെ ചെലവ് 1,25,674 രൂപ

കർഷകന് കിട്ടേണ്ട കുടിശിക

(ഒരു ഹെക്ടറിന്, തുക രൂപയിൽ)

റോയൽറ്റി....................................................... 3000

പ്രൊഡക്ഷൻ ഇൻസന്റീവ്........................... 1000

സുസ്ഥിര നെൽകൃഷി വികസന പദ്ധതി.... 5500

നെൽകർഷകർ

2021-22........... 3,09,845

2022-23............2,49,305

2023-24............1,​98,​463

2024-25............2,0​6,​879

നെല്ലുത്പാദനം

2022-23................................7.31 ലക്ഷം മെട്രിക് ടൺ

2023-24................................5.59ലക്ഷം മെട്രിക് ടൺ

2024-25................................5.80 ലക്ഷം മെട്രിക് ടൺ

അധിക ഉത്പാദനം ..........21500 ടൺ