മൈസൂരിൽ വാഹനാപകടം: നാല് മലയാളികൾ മരിച്ചു

Tuesday 24 March 2026 12:22 AM IST

കൊയിലാണ്ടി: മൈസൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരു ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവൽസിന്റെ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

കൊയിലാണ്ടി കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമീപം കൈതക്കൽ സക്കീർ ഹുസൈൻ (28), കൊയിലാണ്ടി ബീച്ച് റോഡ് സൂറത്തിൽ മുഹമ്മദ് ഫർഹാൻ (22), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 36 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കൈതക്കൽ സിദ്ദിഖിന്റെയും നൂബിനയുടെയും മകനാണ് സക്കീർ ഹുസൈൻ. ബംഗളൂരുവിൽ കച്ചവടക്കാരനാണ്. സഹോദരങ്ങൾ: സജീർ, ജസാർ. അസ്ലമിന്റെയും സൗദയുടെയും മകനാണ് മുഹമ്മദ് ഫർഹാൻ. ബംഗളൂരുവിൽ എവിയേഷൻ കോഴ്സിന് പഠിക്കുകയാണ്. സഹോദരി: ആയിഷ സഹക്.