തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബി.ജെ.പി സീൽ, ആരോപണവുമായി സി.പി.എം, ക്ളറിക്കൽ പിഴവെന്ന് കമ്മിഷൻ

Tuesday 24 March 2026 2:36 AM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറുടെ കാര്യാലയത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബി.ജെ.പിയുടെ സീൽ ഉണ്ടെന്ന ആരോപണവുമായി സി.പി.എം. സംഭവം വിവാദമായതോടെ ക്ലറിക്കൽ പിഴവെന്ന് കമ്മിഷന്റെ വിശദീകരണം. സംഭവത്തിൽ ബന്ധപ്പെട്ട സെക്‌ഷൻ ഒാഫീസറെ സസ്‌പെൻഡ് ചെയ്‌തു.

ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട (ക്രിമിനൽ ആന്റിസെഡന്റ്സ്) സുപ്രീംകോടതി വിധി അടക്കം ഉൾപ്പെടുത്തി ഈ മാസം ആദ്യം ഇ-മെയിലിൽ അയച്ച കത്തിലാണിത്. മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസറുടെ കാര്യാലയത്തിൽ ബി.ജെ.പിയുടെ സീൽ എങ്ങനെ എത്തിയെന്നാണ് സി.പി.എം ചോദിക്കുന്നത്.

സി.പി.എം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഴവ് കണ്ടെത്തിയെന്നും ഉടൻ കത്ത് പിൻവലിച്ചെന്നും കമ്മിഷൻ അറിയിച്ചു. 21ന് പുതിയ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചെന്നും വ്യക്തമാക്കി. അതേസമയം, ഇലക്ഷൻ കമ്മിഷനും ബി.ജെ.പിയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണിതെന്ന് സി.പി.എം ആരോപിച്ചു.

'അറിയാതെ അകപ്പെട്ടത്"

2024ലെ ലോക്സഭാ തിര‌ഞ്ഞെടുപ്പുസമയത്ത് ക്രിമിനൽ ആന്റിസെഡന്റ്സ് സംബന്ധിച്ച് കേന്ദ്ര ഇലക്ഷൻ കമ്മിഷൻ രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങൾ അയച്ചിരുന്നു. ബി.ജെ.പി ഒാഫീസിൽ കിട്ടിയ കത്തിൽ അവർ പാർട്ടി സീൽവച്ചു. പിന്നീട് ഇതിൽ ചില സംശയങ്ങൾ ഉന്നയിച്ച് ബി.ജെ.പി മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസിൽ അപേക്ഷ നൽകിയപ്പോൾ സീൽ പതിച്ച കത്തും റഫറൻസായി അറ്റാച്ച് ചെയ്തു. ഇത് ഡിജിറ്റൽ ഫോർമാറ്റിലാക്കി കമ്മിഷൻ സെർവറിലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും രാഷ്ട്രീയപാർട്ടികൾക്ക് കത്തയച്ചപ്പോൾ സെർവറിലുണ്ടായിരുന്ന ബി.ജെ.പി സീലുള്ള കത്തും അകപ്പെട്ടുപോയി എന്നാണ് കമ്മിഷൻ വിശദീകരണം.