ശബരിമലയിൽ ഉത്സവം കൊടിയേറി

Tuesday 24 March 2026 2:38 AM IST

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു.ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു എന്നിവർ സന്നിഹിതരായിരുന്നു.

കൊടിയേറ്റിനുശേഷം മുളയിടൽ,ദീപാരാധന,പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ,ശ്രീഭൂതബലി എന്നിവയുണ്ടായിരുന്നു. 31 വരെ ഉച്ചപൂജയ്ക്ക് ശേഷമുളള ഉത്സവബലിയും അത്താഴ പൂജയ്ക്ക് ശേഷമുളള ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകൾ. 31ന് രാവിലെ 8.15വരെ മാത്രമേ നെയ്യഭിഷേകമുള്ളു.

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും.ശേഷം ദേവനെ പമ്പാ ഗണപതി ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഭക്തർക്ക് തിരുമുമ്പിൽ പറ സമർപ്പിക്കാം.ആറാട്ട് ഘോഷയാത്ര വൈകിട്ട് പമ്പയിൽ നിന്ന് സന്നിധാനത്ത് തിരിച്ചെത്തിയശേഷം കൊടിയിറക്ക്,ആറാട്ടുകലശം,ദീപാരാധന,അത്താഴപൂജ എന്നിവ നടക്കും.രാത്രി 10ന് നട അടയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.