ആനക്കൊമ്പ് കൊള്ള: അന്വേഷണം സുതാര്യമെന്ന് കരസേന

Tuesday 24 March 2026 12:00 AM IST

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ടു കോടിയുടെ ആനക്കൊമ്പുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ സംസ്ഥാന പൊലീസിന്റെയും മിലിട്ടറി പൊലീസിന്റെയും അന്വേഷണം സുതാര്യവും ഏകോപിതവുമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് വാർത്താക്കുറിപ്പിറക്കി സൈനിക വക്താവ്.

ഫെബ്രുവരി 11ന് മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസിൽ ഡി.ജെ പാർട്ടിക്കിടെയാണ് ആനക്കൊമ്പുകൾ കവർന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും സംശയിക്കാവുന്ന ചില വിവരങ്ങൾ പൊലീസിന് കിട്ടിയെന്നും അതോടെ അന്വേഷണം മരവിപ്പിച്ചെന്നും ആരോപണമുയർന്നതിനെത്തുടർന്നാണ് സൈനിക വക്താവിന്റെ വിശദീകരണം. വസ്തുതാപരമല്ലാത്ത ഇത്തരം ആരോപണങ്ങളെ അപലപിക്കുന്നു.

അതേസമയം, കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാ പരിശോധനയുള്ള മേഖലയിൽ 100കിലോ ഭാരമുള്ള ആനക്കൊമ്പുകൾ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ലെന്നും കൊമ്പുകൾ ക്യാമ്പിനുള്ളിൽ തന്നെ ഒളിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.