@ കൽപ്പറ്റ ഇടതിനെ തലോടി വലതിനൊപ്പം

Tuesday 24 March 2026 12:47 AM IST
ടി. സിദ്ദിഖ് - യു.ഡി.എഫ്

കൽപ്പറ്റ: യു.ഡി.എഫിന് വളക്കൂറുളള മണ്ണെന്നാണ് കൽപ്പറ്റയിലെ കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന ചിത്രം. എന്നാൽ ഇടതിനെ പൂർണമായും കൈവിട്ട ചരിത്രമില്ല. 1967ൽ കൽപ്പറ്റ സ്വതന്ത്ര മണ്ഡലമായതിനുശേഷം മൂന്നുതവണ എൽ. ഡി.എഫ് വിജയിച്ചു. (1987, 2006, 2016 ) യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സിറ്റിംഗ് എം.എൽ.എ ടി.സിദ്ദീഖിന് ഇത് രണ്ടാമൂഴമാണ്. മണ്ഡലത്തിലെ സ്ഥിര സാന്നിദ്ധ്യം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദീഖ്. ആർ.ജെ.ഡിയുടെ പി.കെ.അനിൽകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. തോട്ടം മേഖലയിലെ കരുത്താണ് അനിൽകുമാറിന്റെ മുതൽക്കൂട്ട്.

ബിജെ.പി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് മലവയലാണ് എൻ.ഡി.എയ്ക്ക് കളത്തിലിറങ്ങുന്നത്. ഉരുൾ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശം ഉൾപ്പെടുന്നതാണ് കൽപ്പറ്റ മണ്ഡലം. തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം ഉരുൾ ദുരന്തം തന്നെ. നേട്ടങ്ങൾ എൽ.ഡി.എഫ് ഉയർത്തിക്കാട്ടുമ്പോൾ കോട്ടങ്ങളാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രചാരണം. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ പണിത് നൽകാത്തതും ലോകത്തിന് മാതൃകയായ ടൗൺഷിപ്പും എടുത്തുപറഞ്ഞാണ് എൽ.ഡി,എഫ് വോ ട്ടുതേടുന്നത്.

മണ്ഡല ചരിത്രം

സംസ്ഥാനം രൂപീകൃതമായ ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957 ലും 1960 ലും ദ്വയാംഗ മണ്ഡലമായിരുന്നു വയനാട്. 1961മുതൽ കൽപ്പറ്റ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. 1967 ലാണ് കൽപ്പറ്റ ഇന്ന് കാണുന്ന തരത്തിൽ മണ്ഡലമായത്. 11 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മൂന്ന് തവണ ഒഴിച്ചാൽ മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നു. പി.പത്മപ്രഭാ ഗൗഡർ, വെളുക്കൻ ചോമാടി, വി. മധുര, ബി.വില്ലിംഗ്ടൺ, പി.സിറിയക് ജോൺ, ഡോ.കെ.ജി. അടിയോടി, എം.കമലം, എം.പി.വീരേന്ദ്രകുമാർ, കെ.കെ.രാമചന്ദ്രൻ മാസ്റ്റർ, എം.വി.ശ്രേയാംസ് കുമാർ, സി.കെ.ശശീന്ദ്രൻ, ടി.സിദ്ദീഖ് എന്നിവരായിരുന്നു കൽപ്പറ്റ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ. ഒന്നിലേറെ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചവരുമുണ്ട്. ഇതിൽ ചിലർ മന്ത്രിയുമായി.

വോട്ടർമാർ

പുരുഷന്മാർ: 1,03,349

സ്ത്രീകൾ: 1,08,608

ട്രാൻസ്ജൻഡർ: 2

ആകെ: 2,11,959