ധർമ്മസംഘം ട്രസ്റ്റിന് 234 കോടിയുടെ ബഡ്ജറ്റ്

Tuesday 24 March 2026 2:46 AM IST

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗം ഇന്നലെ ശിവഗിരി മഠത്തിൽ ചേർന്ന് 2026-2027സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ഐകകണ്ഠ്യേന പാസാക്കി. 234 കോടി 35 ലക്ഷം രൂപ വരവും 233 കോടി 51 ലക്ഷം രൂപ ചെലവും 84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചത്.

ബഡ്ജറ്റിൽ വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനു 46 കോടി 84 ലക്ഷം രൂപയും, സാമൂഹ്യക്ഷേമ പദ്ധതികൾക്ക് 10 കോടി 15 ലക്ഷം രൂപയും, ആതുര സേവനത്തിന്

79 കോടി 46 ലക്ഷം രൂപയും, കാർഷിക മേഖലയ്ക്ക് 2 കോടി 5 ലക്ഷം രൂപയും ഗുരുധർമ്മ പ്രചരണത്തിന് 6 കോടി 63 ലക്ഷം രൂപയും വിവിധ നിർമ്മാണ പദ്ധതികൾക്ക് 70 കോടി 60 ലക്ഷം രൂപയും വകയിരുത്തി. യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിക്കുന്നു.