അഞ്ചുവർഷം, നിരത്തിൽ പൊലിഞ്ഞത് 1811 ജീവൻ

Tuesday 24 March 2026 12:08 AM IST

കൊല്ലം: ഗതാഗത നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നതിനാൽ ദിവസേന റോഡ് അപകടങ്ങൾ ജില്ലയിൽ വർദ്ധിക്കുന്നു. അഞ്ച് വർഷത്തനിടെ 18862 റോഡപകടങ്ങളിലായി 1811പേർക്ക് ജീവൻ നഷ്ടമായെന്നാണ് പൊലീസിന്റെ കണക്കുകൾ. കഴിഞ്ഞവർഷം മാത്രം 4401 അപകടങ്ങളാണുണ്ടായത്. സിറ്റി, റൂറൽ പരിധികളിൽ 341 പേർ മരിച്ചു.

സിറ്റിയെ അപേക്ഷിച്ച് റൂറലിലാണ് കൂടുതൽ അപകടങ്ങൾ. അശ്രദ്ധമായ ഡ്രൈവിംഗാണ് പ്രധാന കാരണം. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല. അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിൽ വാഹനമോടിക്കുക എന്നിവയും അപകട കാരണങ്ങളിൽ ഉൾപ്പെടും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുള്ള സമയത്താണ് ഭൂരിഭാഗം അപകടങ്ങളും. എന്നാൽ, ഒമ്പത് മുതൽ രാത്രി 12 വരെയുള്ള അപകടങ്ങളിലാണ് ഏറ്റവുമധികം മരണം സംഭവിച്ചിട്ടുള്ളത്.

അംബുലൻസ്, സൈക്കിൾ, ഓട്ടോറിക്ഷ, കോളേജ് ബസ്, എസ്‌കോർട്ട് കാർ, ഫയർ എൻജിൻ, കെ.എസ്.ആർ.ടി.സി, സ്വകാര്യ, ടൂറിസ്റ്റ് ബസുകൾ തുടങ്ങി 57 തരം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ ജനങ്ങളിൽ ഹെൽമെറ്റ് ധരിക്കുക എന്നത് ശീലമാക്കിയത് അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, പലരും ചിൻ സ്ട്രാപ്പ് ടൈറ്റാക്കാത്തത് കണ്ടുവരുന്നുണ്ട്. റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ​ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിന്നിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് മറച്ചുപിടിക്കുന്ന പ്രവണതയുമുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ചാണ് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടുന്നത്.

നിലയ്ക്കാത്ത മത്സരയോട്ടം  നിരത്തുകളിൽ വാഹനങ്ങൾ തമ്മിൽ പലപ്പോഴും മത്സരയോട്ടം

 മുന്നിൽ സ്വകാര്യ ബസുകളും ബൈക്കുകളിൽ പോകുന്ന യൂത്തന്മാരും

 അപകടത്തിൽപ്പെട്ടവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങൾ

 സൈക്കിൾ മുതൽ എൽ.പി.ജി ടാങ്കർ ലോറികൾ വരെ അപകടത്തിന് കാരമായിട്ടുണ്ട്

 90 ശതമാനം അപകടങ്ങളും കാർ ഓടിക്കുന്നവരുടെ അശ്രദ്ധയെന്ന് പൊലീസ്

 മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നത്

 കാൽനട യാത്രക്കാരുടെ അശ്രദ്ധയും തെരുവുനായ്ക്കളും അപകടങ്ങൾക്ക് കാരണമാകുന്നു

വർഷം-അപകടം-മരണം-ഗുരുതര പരിക്ക്

2025-4041-341-3243

2024-3915-343-3173

2023-4052-388-3275

2022-3895-405-3149

2021-2959-334-2369

മത്സരയോട്ടം നിയന്ത്രിക്കാൻ കർശന പരിശോധനയാണ് നടത്തുന്നത്. നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.

മോട്ടോർ വാഹനവകുപ്പ് അധികൃതർ