സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം: പൊലീസ് കേസെടുത്തു
Tuesday 24 March 2026 12:53 AM IST
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുസ്ലിം ലീഗ് നൽകിയ പരാതിയിൽ അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ദിവസങ്ങൾക്കു മുമ്പ് വിദേശത്ത് നിന്നാരംഭിച്ച ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് മാർച്ച് 22ന് സാദിഖലി തങ്ങൾക്കെതിരെയുള്ള ആക്ഷേപം പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ പോസ്റ്റ് പിൻവലിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആക്ഷേപത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് മുസ്ലിം ലീഗ്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.