എന്റെ കമ്പനിയിൽ വിമാനത്തിൽ കയറാത്ത ആരുമുണ്ടാകരുത്, കേരളത്തിലെ ഒരു മുതലാളി എടുത്ത തീരുമാനമാണിത്, ആരെന്നറിയുമോ?

Tuesday 22 October 2019 5:39 PM IST

തൊഴിലാളികളെ സ്‌നേഹിക്കുന്ന മുതലാളിമാർ എത്രത്തോളമുണ്ടെന്ന് ചോദിച്ചാൽ, വിരലിലെണ്ണാൻ കഴിയും എന്നതാവും ഉത്തരം. ചെയ്യുന്ന തൊഴിലിന് അർഹമായ ശമ്പളം പോലും പലരും തങ്ങളുടെ ജോലിക്കാർക്ക് കൊടുക്കാറില്ല. എന്നാൽ ചെയ്യുന്ന തൊഴിലിന് കൃത്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നവരും സമൂഹത്തിൽ ഉണ്ടുതാനും. 50 വർഷം വിജയകരമായി പൂർത്തിയാക്കുന്ന തന്റെ കമ്പനിയിലെ എല്ലാമെല്ലാമായ തൊഴിലാളികൾക്ക് എന്തുസമ്മാനം കൊടുക്കാമെന്ന് മെഡിമിക്‌സ് ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മാതാവുമായ എ.വി അനൂപിനോട് ചോദിച്ചാൽ, എന്റെ കമ്പനിയിൽ വിമാനത്തിൽ കയറാത്ത ആരുമുണ്ടാകില്ല എന്നതായിരിക്കും അദ്ദേഹത്തിന്റെ ഉത്തരം.

മെഡിമിക്‌സ് 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ കമ്പനിയിലെ തന്റെ ജോലിക്കാർക്കെല്ലാം തികച്ചും സൗജന്യമായി വിമാനയാത്രയാണ് അദ്ദേഹം ഒരുക്കി കൊടുത്തത്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസു തുറന്നത്. അൻപതാംവാർഷികത്തിന് മുമ്പായി ജീവനക്കാർക്കായി എന്തുചെയ്യാമെന്ന് ആലോചിച്ചപ്പോൾ, എല്ലാവരും സൈക്കിളും കാറും ബസും ട്രെയിനുമൊക്കെ എക്‌സ്‌പീരിയൻസ് ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ അവരുടെ സ്വപ്‌നമായ വിമാനയാത്ര സാക്ഷാത്‌കരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. അനൂപ് പറയുന്നു.

ഡോ. അനൂപിന്റെ വാക്കുകൾ-

'അൻപതുവർഷം മുമ്പ് ഡോ.സിദ്ധൻ ഈ പ്രോഡക്‌ട് ഇറക്കിയസമയത്ത് അദ്ദേഹത്തിന് ഇതിനെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്നവരുടെ സ്കിൻ ഡിസീസിന് പരിഹാരം എന്ന നിലയ്‌ക്കാണ് തുടങ്ങിയത്. ഉൽപൃതി എന്ന എണ്ണ ആയിരുന്നു ആദ്യം, പിന്നീടാണ് സോപ്പാക്കിയത്. അക്കാലത്ത് അദ്ദേഹത്തെ സഹായിച്ച എത്രയോ പേരുണ്ട്. അവരിൽ ജീവിച്ചിരിക്കുന്നവരെയൊക്കെ ഞാൻ കണ്ടെത്താൻ ശ്രമിക്കുകയാണ്.

ഇതിനിടയിൽ അൻപതാംവാർഷികത്തിന് മുമ്പായി ജീവനക്കാർക്കായി എന്തുചെയ്യാമെന്ന് ആലോചിച്ചപ്പോൾ, എല്ലാവരും സൈക്കിളും കാറും ബസും ട്രെയിനുമൊക്കെ എക്‌സ്‌പീരിയൻസ് ചെയ്‌തിട്ടുണ്ട്. വിമാനം അവർക്കൊക്കെ സ്വപ്‌നമാണ്. ഞങ്ങളൊക്കെ ദിവസവും വിമാനത്തിൽ പോകുന്നവരാണ്. എന്റെ ഡ്രൈവറൊക്കെ എല്ലാ ദിവസവും എന്നെ ഡ്രോപ്പ് ചെയ്യുന്നു. പക്ഷേ അവരാരും തന്നെ വിമാനം കണ്ടിട്ടില്ല എന്നത് ഒരു തിരിച്ചറിവായിരുന്നു. അപ്പോഴാണ് ഞാൻ ഒരു തീരുമാനമെടുത്തത് എന്റെ കമ്പനിയിൽ വിമാനത്തിൽ കയറാത്ത ആരുമുണ്ടാകരുതെന്ന്. അങ്ങനെ എല്ലാവർക്കും വിമാനയാത്ര തരപ്പെടുത്തി. അത് വലിയൊരു അനുഭവമായിരുന്നു എല്ലാവർക്കും'.