സഞ്ജു ഫോമായപ്പോൾ ജീവനക്കാർക്ക് 3500 രൂപ കൊടുത്തു;​ ആ മുതലാളിക്ക് കിടിലൻ സർപ്രെെസുമായി താരം

Tuesday 24 March 2026 3:04 PM IST

കോട്ടയം: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ വിജയിച്ച സന്തോഷത്തിനൊപ്പം, ടീമിന്റെ വിജയശല്പി സഞ്ജു സാംസൺ തന്നെ തേടി വന്നതിന്റെ അദ്ഭുതത്തിലും സന്തോഷത്തിലുമാണ് പാമ്പാടി ഫിയ ഗാർമെന്റ്‌സ് ഉടമ നിതിൻ ബാബു. സഞ്ജുവിന്റെ ആരാധകനായ പാമ്പാടി ഏഴാംമൈൽ മറ്റത്തിൽ വീട്ടിൽ നിതിൻ,​ സഞ്ജു ലോകകപ്പ് ക്വാർട്ടർ,​ സെമി,​ ഫൈനൽ മത്സരങ്ങളിൽ ഫോമായതിന്റെ സന്തോഷത്തിൽ തന്റെ കടയിലെ 82ജീവനക്കാർക്ക് 3500 രൂപ വീതം നൽകി സന്തോഷം പങ്കുവച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

രണ്ട് ദിവസം മുൻപാണ് എറണാകുളം കടവന്ത്രയിലുള്ള നിതിന്റെ ബന്ധുവീട്ടിൽ സഞ്ജു എത്തിയത്. നിതിൻ,​ ഭാര്യ ബ്ലെസി, മക്കളായ ഫിയ, ജുവൻ, ജാൻവീർ, ഫെറാൻ, കിയാര എന്നിവർക്കൊപ്പം ഒന്നരമണിക്കൂറോളം താരം ചെലവഴിച്ചു. വീട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചതിന് ശേഷം ഭക്ഷണവും കഴിച്ചാണ് സഞ്ജു മടങ്ങിയത്.

ഐപിഎലിനായി ചെന്നെെയിലേക്ക് പോകുന്നതിന് മുൻപാണ് കടവന്ത്രയിൽ സഞ്ജു എത്തിയത്. 'നമസ്കാരം, എന്തുണ്ട് ചേട്ടാ. സുഖമല്ലേ?' എന്ന് ചോദിച്ചാണ് സഞ്ജു നിതിന്റെ അടുത്തേക്ക് പോകുന്നത്. പിന്നാലെ നിതിനെ കെട്ടിപ്പിക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ സഞ്ജു തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

ക്വാർട്ടറിന് ശേഷം ജീവനക്കാർക്ക് 500 രൂപയും സെമി കഴിഞ്ഞ് 1000രൂപയും,​ ഫൈനലിൽ 2000 രൂപയും വീതമാണ് നിതിൽ നൽകിയത്. കൂടാതെ, വിവിധ സെക്ഷനുകളിലെ എട്ട് ജീവനക്കാർക്ക് ഗോവയ്ക്ക് ട്രിപ്പും നൽകിയിട്ടുണ്ട്.