മുള്ളൻപന്നിയെ അടിച്ചുകൊന്നക്കേസ്; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി

Tuesday 24 March 2026 4:32 PM IST

തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ശശി കീഴടങ്ങിയത്. വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് കഴിഞ്ഞമാസം മുള്ളൻപന്നിയെ കണ്ടത്.

ഇവിടെ വാടകയ്‌ക്ക് താമസിക്കുന്ന അരുണും കുടുംബവും മുള്ളൻപന്നിയെ കണ്ട കാര്യം നാട്ടുകാരെയും വെള്ളനാട് പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നു. വാർഡ് അംഗം ശൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറയുകയും ചെയ്‌തു. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ ശശി സ്ഥലത്തെത്തി ഇരുമ്പ് കമ്പിയെടുത്ത് മുള്ളൻപന്നിയെ തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നു. വനംവകുപ്പിൽ വിവരമറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അതൊന്നും വകവച്ചില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും വെള്ളനാട് ശശി സ്ഥലംവിട്ടിരുന്നു.

പരുത്തിപ്പള്ളി വനംവകുപ്പ് ആർ.ആർ.ടി റോഷിനിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ വെറ്ററിനറി ഡോക്ടറുമെത്തിയിരുന്നു. വന്യജീവി ഷെഡ്യൂൾഡ് ഒന്നിലുള്ള ജീവിയാണ് മുള്ളൻപന്നി. ഇതിനെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. തലച്ചോറ് തകർന്ന് മുള്ളൻപന്നി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശിക്കെതിരെ കേസെടുത്തത്.