ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച്: പഴയ തുണികൾ ശേഖരിക്കാൻ കളക്ഷൻ സെന്റർ ആരംഭിച്ചു

Wednesday 25 March 2026 12:39 AM IST
പഴയ തുണികൾ ശേഖരിച്ച് പോളിംഗ് ബൂത്തുകളിൽ ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച് നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കളക്ഷൻ സെന്റർ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച് നിർമ്മാണത്തിനായി പഴയ തുണികൾ ശേഖരിക്കുന്ന കളക്ഷൻ സെന്റർ ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് വ്യാഴാഴ്ച വരെ തുണികൾ നൽകാം. കോട്ടൺ വസ്ത്രങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ് സ്വീകരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ് 9 മുതൽ 12 വരെ ഫോണുകൾ സൂക്ഷിക്കാവുന്ന പൗച്ചുകൾ നിർമ്മിക്കുന്നത്. ജില്ലയിലെ 3,148 ബൂത്തുകൾക്കായി ഏകദേശം 3,200 പൗച്ചുകൾ തയ്യാറാക്കും. ഐ.എം.എ. ഹൗസ്, സെന്റ് ആൽബർട്ട് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ശുചിത്വ മിഷൻ കോഓർഡിനേറ്റർ ശീതൾ ജി. മോഹൻ, ഹരിത കേരളം കോഓർഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.