ജില്ലയിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം
കൊച്ചി: തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേട്ടുമായ ജി.പ്രിയങ്ക ഉത്തരവിട്ടു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. തോക്കുകൾ, കുന്തങ്ങൾ, വാളുകൾ, വടികൾ, മാരകായുധങ്ങൾ, കല്ലുകൾ, ലാത്തികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ കൈവശം വയ്ക്കുന്നതും പ്രദർശിപ്പിക്കുന്നതും പൂർണമായി നിരോധിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, ബാങ്ക് സുരക്ഷാ ജീവനക്കാർ, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഷൂട്ടിംഗ് താരങ്ങൾ, ആചാരപരമായോ നിയമപരമായോ ആയുധങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുള്ള സമുദായങ്ങൾ എന്നിവർക്ക് നിരോധനത്തിൽ ഇളവുണ്ടാകും. ലൈസൻസുള്ള തോക്കുകൾ കൈവശമുള്ളവരുടെ കാര്യത്തിൽ ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തിഗത പരിശോധന നടത്തും.