കത്തിക്കയറി ഇന്ത്യൻ ഓഹരികൾ

Wednesday 25 March 2026 12:51 AM IST

എണ്ണ വിലയിടിവ് ആവേശമായി

കൊച്ചി: പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ ക്രൂഡോയിൽ വില ഇടിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കത്തിക്കയറി. അമേരിക്കയുമായി ചർച്ചകൾക്ക് ഇറാന്റെ പുതിയ രാഷ്ട്രത്തലവൻ മൊജ്‌താബ ഖൊമേയിനി തയ്യാറാണെന്ന മാദ്ധ്യമ വാർത്തകളും നിക്ഷേപകർക്ക് ആവേശം പകർന്നു. ക്രൂഡോയിൽ വില ഇന്നലെ നൂറ് ഡോളറിലേക്ക് ഇടിഞ്ഞതും ഡോളർ ദുർബലമായതും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി. ഇറാന്റെ വൈദ്യുതി പ്ളാന്റുകളിൽ അഞ്ച് ദിവസത്തേക്ക് ആക്രമണമുണ്ടാകില്ലെന്നും സമാധാനം അടുത്താണെന്നും ട്രംപ് വ്യക്തമാക്കിയതോടെ തിങ്കളാഴ്ച അമേരിക്ക, യൂറോപ്യൻ വിപണികൾ കുതിച്ചുയർന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഓഹരികൾ നേട്ടമുണ്ടാക്കിയത്.

ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,372.06 പോയിന്റ് ഉയർന്ന് 74,068.45ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്‌റ്റി 399.75 പോയിന്റ് നേട്ടത്തോടെ 22,912.40ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും മികച്ച ഉണർവാണ് ഇന്നലെ ദൃശ്യമായത്. ബാങ്കിംഗ്, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

വാല്യു ബയിംഗ് ശക്തം

തിങ്കളാഴ്ച ഓഹരി വിപണിയിലുണ്ടായ കനത്ത തകർച്ചയിൽ ഓഹരികൾ ന്യായമായ മൂല്യത്തിലേക്ക് എത്തിയതോടെ നിക്ഷേപകർ വാല്യു ബയിംഗ് ശക്തമാക്കി. എണ്ണ വില കുറഞ്ഞതും ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തിയതും അനുകൂലമായി. എന്നാൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടരുന്നതിനാൽ വിപണി സ്ഥിരത കൈവരിച്ചെന്ന് പറയാനാകില്ലെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

ഏഷ്യൻ വിപണികൾക്കും നേട്ടം

ഏഷ്യയിലെ മറ്റ് പ്രധാന വിപണികളായ ദക്ഷിണ കൊറിയയിലെ കോസ്‌പി, ജപ്പാനിലെ നിക്കി, ഷാംഗ്ഹായ് കോമ്പോസിറ്റ്, ഹോംങ്കോംഗിലെ ഹാംഗ് സെംഗ് എന്നിവ ഇന്നലെ മികച്ച മുന്നേറ്റം നടത്തി.