'പള്ളിച്ചട്ടമ്പി' നിർമ്മാതാക്കൾക്ക് എതിരെ ഹർജി
കൊച്ചി: ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി" സിനിമയുടെ നിർമ്മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർക്കെതിരെ സാമ്പത്തിക ഇടപാടുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തന്റെ പക്കൽ നിന്ന് വായ്പ വാങ്ങിയ 15 കോടിയോളം രൂപ മടക്കി നൽകിയിട്ടില്ലെന്നും ഇവർക്കെതിരെ ദുബായിൽ അറസ്റ്റ് വാറണ്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി മാംഗിലാൽ സുനിൽ അഗർവാളാണ് ഹർജി നൽകിയത്. അന്വേഷണം പൂർത്തിയാകുന്നതു വരെ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ. ബാബു എതിർകക്ഷികളുടെ വിശദീകരണം തേടി.
അദ്ധ്യാപക നിയമനം: ഹർജി തീർപ്പാക്കി
കൊച്ചി: എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷി ഒഴിവുകൾ നിലനിറുത്തി ബാക്കിയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ സ്കൂൾ മാനേജ്മെന്റുകളും വിവിധ അദ്ധ്യാപകരും നൽകിയ ഹർജികളാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. ഫെബ്രുവരി 18നാണ് അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ ഇളവനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.