@ മനസ് തുറന്ന് പി.കെ ജയലക്ഷ്മി വീടുകയറി വോട്ട് ചെയ്യരുതെന്ന് പറഞ്ഞു, പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി

Wednesday 25 March 2026 12:39 AM IST
പി.കെ ജയലക്ഷ്മി

മാനന്തവാടി: മുൻ തിരഞ്ഞെടുപ്പുകളിൽ താൻ തോൽക്കാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തി പി കെ ജയലക്ഷ്മി. യു.ഡി.എഫ്. മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഉഷാ വിജയന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം വെള്ളമുണ്ടയിൽ സംഘടിപ്പിച്ച കൺവെൻഷനിലാണ് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും മാനന്തവാടി മണ്ഡലത്തിൽനിന്നു യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടതിനെക്കുറിച്ചാണ് പി.കെ. ജയലക്ഷ്മി മനസ് തുറന്നത്. 'ഇത് നമ്മുടെ അവസാനത്തെ വണ്ടിയാണെന്ന് എല്ലാവരും തിരിച്ചറിയണം. കഴിഞ്ഞ പത്തു വർഷക്കാലം രണ്ടു ടേമിൽ ഞാൻ മാനന്തവാടിയിൽ സ്ഥാനാർത്ഥിയായിരുന്നു. നമ്മുടെ ഉള്ളിൽ ചതി ഒരുക്കിയത് സ്ഥാനാർത്ഥി എന്ന നിലയിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഇവിടുത്തെ യു.ഡി.എഫ്. പ്രവർത്തകർക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരുപാട് ആളുകൾ വെയിലും മഴയും കൊണ്ട് എങ്ങനെയെങ്കിലും മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. ചില ശക്തികൾ ഇതിനുള്ളിൽ നിന്നുകൊണ്ട് ഇത്തരം ചതിയൊരുക്കുമെന്ന് നമുക്കാർക്കും തിരിച്ചറിയാനാവില്ല. എന്റെ കെട്ടുകണക്കിന് പോസ്റ്ററുകൾ മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ പുഴയിലേക്ക് വലിച്ചെറിഞ്ഞ് അത് ഒഴുകി നടന്നത് നമ്മളാരും കണ്ടില്ല. അനൗൺസ്‌മെന്റ് വാഹനം മരത്തണലിൽ നിർത്തിയിട്ട് അനൗൺമെന്റ് ചെയ്യുന്നയാൾ കിടന്നുറങ്ങിയതും നമ്മളാരും കണ്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ വീടുകൾ കയറിയിറങ്ങി പി.കെ. ജയലക്ഷ്മിക്ക് വോട്ടു ചെയ്യരുത് എന്നു പറഞ്ഞവരുണ്ട്. ഞാൻ അവരുടെ പേരുകളൊന്നും എടുത്തുപറയുന്നില്ല. ഇതൊക്കെ സൂചിപ്പിച്ചത് ഇനി അത്തരത്തിൽ ചതി ഒരു സഹോദരിക്ക് ഉണ്ടാവരുതെന്നു കരുതിയാണ്. അന്ന് തോറ്റത് പി.കെ. ജയലക്ഷ്മി മാത്രമല്ല, യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയാണ്- ജയലക്ഷ്മി കൂട്ടിച്ചേർത്തു.