മോഹൻലാലിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Wednesday 25 March 2026 1:53 AM IST
ന്യൂഡൽഹി: തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവും അടക്കം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് ജ്യോതി സിംഗ് ഹർജി പരിഗണിച്ചിരുന്നു. അത്തരം വീഡിയോകളുടെ അടക്കം ലിങ്കുകൾ ക്രോഡീകരിച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിന്റെ അഭിഭാഷകനോട് നിർദ്ദേശിച്ചു. വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും, തന്നെ ബാധിക്കുന്ന സാമൂഹിക മാദ്ധ്യമങ്ങളിലെ അടക്കം ഉള്ളടക്കങ്ങൾ നീക്കണമെന്നുമാണ് നടന്റെ ആവശ്യം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ അടക്കം എതിർകക്ഷികളാക്കിയാണ് ഹർജി. അതേസമയം, ഹർജിയെ മെറ്റ എതിർത്തു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും, ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നും വാദിച്ചു.