റിപ്പോർട്ടർ കമ്പനിയുടെ സുരക്ഷ ക്ളിയറൻസ് പിൻവലിച്ചു, ഉടമസ്ഥതാ മാറ്റം അംഗീകരിക്കില്ലെന്ന് കേന്ദ്രം കോടതിയിൽ

Wednesday 25 March 2026 12:04 AM IST

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സാറ്റലൈറ്റ് ടിവി ചാനൽ നടത്തുന്നത് ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെയാണെന്ന പരാതിയിൽ രണ്ടു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്നാരോപിച്ച് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

റിപ്പോർട്ടർ കമ്പനിയുടെ സുരക്ഷ ക്ലിയറൻസ് ആഭ്യന്തരമന്ത്രാലയം പിൻവലിച്ചതായി കേന്ദ്ര സർക്കാർ കൊടതിയെ അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാറ്റം ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്നും വിശദീകരിച്ചു. ഇക്കാര്യത്തിൽ തുടർ നടപടികൾ ഒഴിവാക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ റിപ്പോർട്ടർ കമ്പനിക്ക് ഏപ്രിൽ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്.