അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ചാമക്കാല

Wednesday 25 March 2026 12:11 AM IST
പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല വിളക്കുടി പഞ്ചായത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നു

പത്തനാപുരം: താൻ പത്തനാപുരത്തുകാരൻ അല്ലെന്ന എതിർസ്ഥാനാർത്ഥിയുടെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. പട്ടാഴി പഞ്ചായത്ത് തല യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷമായി പത്തനാപുരത്ത് സ്ഥിരതാമസമാക്കിയ താൻ 'വരുത്തനാണെന്ന' കള്ളപ്രചരണമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. ഗണേശ് കുമാർ നടത്തുന്നത്. ഗണേശ് കുമാറും താനും പുനലൂർ മണ്ഡലത്തിലാണ് താമസിക്കുന്നതെന്നിരിക്കെ ഇത്തരം പ്രചരണങ്ങൾ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചക്ക ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും ജനങ്ങൾ വിജയിപ്പിച്ചാൽ യാതൊരുവിധ അസന്മാർഗിക പ്രവർത്തനങ്ങളിലും ഏർപ്പെടില്ലെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പ് നൽകി.

കുന്നിക്കോട് ഷാജഹാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ, പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശുഭകുമാരി, ബാബു മാത്യു, യദുകൃഷ്ണ, ടി.എം. ബിജു എന്നിവർ സംസാരിച്ചു.

പട്ടാഴി വടക്കേക്കര, മാങ്കോട്ട് എന്നിവിടങ്ങളിലും പഞ്ചായത്ത് കൺവെൻഷനുകൾ നടന്നു. സി.ആർ. നജീബ്, സി. മോഹൻ പിള്ള എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. കൺവൻഷനുകൾക്ക് മുന്നോടിയായി വിളക്കുടി, ഇളമ്പൽ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു.