ഗതാഗതക്കുരുക്കിൽ കുടുങ്ങി പൊന്നാനി
പൊന്നാനി: പൊന്നാനിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. രാവിലെയും വൈകിട്ടും ചമ്രവട്ടം ജംഗ്ഷൻ മുതൽ കോടതിപ്പടി വരെയും കുണ്ടുകടവ് ജംഗ്ഷൻ വരെയുമുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്നത്. നിരവധി വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളാണിവ.
റോഡിന് വേണ്ടത്ര വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്കിന് കാരണം. സമാന്തരമായി നിളയോരപാത ഉണ്ടെങ്കിലും അത് വഴിയുള്ള യാത്ര കുറവാണ്. നിളയോരപാതയിൽ നിന്നും ചന്തപ്പടി, കുറ്റിക്കാട് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകൾക്കും വീതി കുറവാണ്. ഇവിടെയും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
സ്‌കൂൾ സമയങ്ങളിലും, നിളയോരപാതയിലേക്കും ബീച്ചിലേക്കും സഞ്ചാരികളെത്തുന്ന ആഴ്ചയിലെ അവസാനദിവസങ്ങളിലും പൊന്നാനി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഏറെയാണ്. ബസും ലോറിയും കടന്നുപോകുന്ന സമയത്ത് എതിരെ വരുന്ന വാഹനങ്ങൾ പാലത്തിൽ നിന്നും മാറ്റിയാലേ വാഹനങ്ങൾക്ക് കടന്നുപോകാനാവൂ. പൊന്നാനി അങ്ങാടി പാലത്തിനോട് ചേർന്നുണ്ടായിരുന്ന നടപ്പാലവും തകർച്ച നേരിടുന്നുണ്ട്.
പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവവും വെല്ലുവിളിയാണ്. പലരും റോഡരികിലാണ് വാഹനങ്ങൾ നിറുത്തുന്നത്. ഇത് ഗതാഗത തടസ്സം രൂക്ഷമാക്കുന്നു.
വെല്ലുവിളിയായി ജീർണ്ണിച്ച കെട്ടിടങ്ങൾ
- ചമ്രവട്ടം ജംഗ്ഷൻ മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ പൊന്നാനി അങ്ങാടി ഭാഗത്തെ ഇടുങ്ങിയ ഭാഗമാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം.
- ഇരുവശത്തും സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമേറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉടമകൾ തടസം നിൽക്കുന്നതാണ് റോഡിന്റെ വീതി കൂട്ടാൻ പ്രതിബന്ധമാവുന്നത്.
- നഗരസഭയുടെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും കോടതി വ്യവഹാരങ്ങൾ തടസമായി.
- ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ യാത്രക്കാരടക്കമുള്ളവർക്ക് ഭീഷണിയുയർത്തിയാണ് നിലനിൽക്കുന്നത്.