വയനാട്ടിലെ പ്രമുഖർ

Wednesday 25 March 2026 1:10 AM IST

ഒ.ആർ.കേളു

മാനന്തവാടി

പട്ടിക ജാതി,​ പട്ടിക വർഗ ക്ഷേമ വികസന വകുപ്പ് മന്ത്രി. കുറിച്യ സമുദായ അംഗം. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ, പത്തുവർഷം പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016ലും 2021ലും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. സി.പി.എം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗമായി തുടങ്ങിയ അദ്ദേഹം,​ നിലവിൽ സംസ്ഥാന കമ്മറ്റിയംഗമാണ്. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മറ്റിയംഗം. ഭാര്യ: പി.കെ.ശാന്ത. മക്കൾ: സി.കെ.മിഥുന, സി.കെ.ഭാവന.

 അഡ്വ. ടി.സിദ്ധിഖ്

കൽപ്പറ്റ കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം സ്വദേശി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ദേവഗിരി കോളേജ് യൂണിയൻ ചെയർമാൻ, കോഴിക്കോട് ലാ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം ജനറൽ സെക്രട്ടറി, പെരുമണ്ണ വൈസ് പ്രസിഡന്റ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2021ൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ സിദ്ധിഖ് 5,​470 വോട്ടുകൾക്ക് എൽ.ഡി.എഫിലെ എം.വി.ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്തി. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ.

ഐ.സി.ബാലകൃഷ്ണൻ

സുൽത്താൻബത്തേരി മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല വീട്ടിൽ ചന്ദു,​ മീനാക്ഷി ദമ്പതികളുടെ മകൻ. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. യൂത്ത്‌കോൺഗ്രസ് പ്രസിഡന്റായിരിക്കെ വയനാട്ടിൽ നിരവധി സമരങ്ങൾ നടത്തി ശ്രദ്ധേയനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്,​ ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2001ൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കാരച്ചാൽ വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ചു. വയനാട് ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. 2011, 2016, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഭാര്യ: ലക്ഷ്മി. മക്കൾ: കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ.