തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരുന്നാലുണ്ടാകുക വ്യാപക നഷ്ടം, ഉടൻ നടപടി വേണമെന്ന് ആവശ്യം
Wednesday 25 March 2026 1:37 AM IST
പുതുക്കാട്: മലയോര പ്രദേശങ്ങളിലെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് അംഗികൃത ഷൂട്ടർമാരെ അനുവദിക്കണമെന്ന് വിവിധ പാടശേഖര കമ്മിറ്റികളുടെയും കർഷകക്കൂട്ടായ്മ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു. തൃക്കൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി, മറ്റത്തുർ പഞ്ചായത്തിലെ വിളകൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ ഇറങ്ങുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.
നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാനപനത്തിന് മുമ്പേ മുഴുവൻ തോക്കുകളും സറണ്ടർ ചെയ്തിരിക്കുകയാണ്. ഫലം വരുന്നവരെ കാത്തിരുന്നാൽ വ്യാപകമായ നഷ്ടം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ സറണ്ടർ ചെയ്ത അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ തിരികെ നൽകണമെന്നാണ് ആവശ്യം. ഇതിന് ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ശിപാർശ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.