'മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുമോ? മറുപടിയുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

Wednesday 25 March 2026 11:22 AM IST

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ​ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പുനരാലോചന നടത്താൻ തയ്യാറാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ലത്തീഫ് വ്യക്തമാക്കി. നിലവിൽ തിരഞ്ഞെടുപ്പ് രംഗത്ത് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ബിജെപിയെ തോൽപ്പിക്കുക എന്നത് എസ്ഡിപിഐയുടെ മാത്രം ബാദ്ധ്യതയല്ല. ബിജെപിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലം ഒഴിവാക്കിപോയാൽ എസ്ഡിപിഐയ്ക്ക് ബംഗ്ലാദേശിൽ പോയി മത്സരിക്കേണ്ടി വരും. ഇന്ത്യ ഭരിക്കുന്ന വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. അപ്പോൾ അവരുടെ വിജയസാദ്ധ്യത മാത്രം നോക്കി മത്സരിക്കാൻ കഴിയില്ല. എസ്ഡിപിഐ ഇത്തവണ 45 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. വേങ്ങരയിലെ സബാഹ് ഉൾപ്പടെയുള്ള ഇടത് സ്ഥാനാർത്ഥികൾ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മന്ത്രി വി അബ്ദുറഹ്മിമാനെ താനൂരിൽ പിന്തുണച്ചിരുന്നു. കഴിഞ്ഞ തവണ പിന്തുണച്ചെന്ന് കരുതി എല്ലായ്പ്പോഴും പിന്തുണ നൽകണമെന്നില്ല. എസ്ഡിപിഐ മത്സരിക്കാത്ത ഇടങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കാം'- ലത്തീഫ് പറഞ്ഞു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ജില്ലാ കൗൺസിൽ അംഗം അഷ്റഫ് കെ എം ആണ്. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്രുമുട്ടുന്ന മണ്ഡലത്തിൽ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും അത് ഡീലിന്റെ ഭാഗമാണെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്ക് ഗുണം ചെയ്യും എന്ന കാരണത്താൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. എന്നാൽ ഇത്തവണ എന്തുകൊണ്ട് ആ സമീപനം സ്വീകരിച്ചില്ലെന്നാണ് യുഡിഎഫ് ചോദിക്കുന്നത്.