ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ് കൃത്യമായി അറിയാം; ഈ മൃഗങ്ങളെ നിരീക്ഷിച്ചാൽ മതി
പ്രകൃതിദുരന്തങ്ങൾ തിരിച്ചറിയാൻ മനുഷ്യനെക്കാൾ വേഗത്തിൽ മൃഗങ്ങൾക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് പ്രകൃതിദുരന്തങ്ങൾക്ക് മുൻപ് മൃഗങ്ങളും പക്ഷികളും ചില പ്രത്യേക സ്വഭാവങ്ങൾ കാണിക്കുന്നത്. അത്തരത്തിൽ ദുരന്തങ്ങൾ വേഗം തിരിച്ചറിയാൻ കഴിയുന്ന ചില മൃഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആനകളാണ് അതിൽ ഒന്നാമത്. ആനകൾക്ക് തുമ്പികെെയിലൂടെയും കാലുകളിലൂടെയും സബ്സോണിക് ഇൻഫ്രാസൗണ്ട്, ഭൂകമ്പ വെെബ്രേഷനുകൾ എന്നിവ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പറയുന്നത്. ഇവയ്ക്ക് 100 മെെലിലധികം അകലെ നിന്ന് സുനാമിയോ ഇടിമിന്നലോ വരുന്നത് കേൾക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. 2004ൽ ഇന്ത്യൻ സമുദ്രത്തിൽ സുനാമി ആഞ്ഞടിക്കുന്നതിന് മുൻപ് നിരവധി ആനകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിപ്പോയതായും റിപ്പോർട്ടുണ്ട്.
മനുഷ്യനെക്കാൾ 100,000 മടങ്ങ് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നായകൾക്കുണ്ട്. ഭയത്തിന്റെയും രോഗത്തിന്റയും സെന്റ് തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും. കൂടാതെ ഭൂകമ്പം വരുന്നത് മനുഷ്യന് മുൻപ് ഇവ തിരിച്ചറിയുന്നു. അതിനാലാണ് ഭൂകമ്പത്തിന് മുൻപ് ഇവ കുരയ്ക്കുകയോ അസ്വസ്ഥതമായി പെരുമാറുകയോ ചെയ്യുന്നത്. കൊടുങ്കാറ്റിനെയും ചുഴലിക്കാറ്റിനെയും സൂചിപ്പിക്കുന്ന ജല സമ്മർദ്ദത്തിലെ മാറ്റങ്ങൾ മനസിലാക്കാൻ സ്രാവുകൾക്ക് കഴിയുമെന്നും പറയപ്പെടുന്നു.
1975ൽ ചെെനീസ് നഗരമായ ഹെെചെങ്ങിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഈ ഭൂകമ്പത്തിന് ദിവസങ്ങൾക്ക് മുന്നിൽ ഇവിടെ നൂറുകണക്കിന് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. ഇത് പാമ്പുകൾ ഭൂകമ്പത്തെ മുൻകൂട്ടി അറിഞ്ഞതായും മുന്നറിയിപ്പായി പുറത്തിറങ്ങിയതാണെന്നും പറയപ്പെടുന്നു. എലികൾക്കും അപകടങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. പണ്ട് കപ്പലുകൾ മുങ്ങുന്നതിന് മുൻപ് എലികൾ അത് ഉപേക്ഷിച്ച് പോകുന്നതായി പറയപ്പെടുന്നു.