ഓൺലെെനിൽ നിന്ന് ലോൺ എടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്‌ടം നിങ്ങൾക്കാണ്
ബാങ്കുകളിൽ മാസങ്ങളോളം അലഞ്ഞാണ് പണ്ട് വായ്പകൾ ലഭിച്ചിരുന്നത്. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ ഞൊടിയിടയിൽ ലോൺ എടുക്കാൻ സാധിക്കും. ബാങ്കുകളിൽ പോകാതെ തന്നെ മിനിട്ടുകൾക്കുള്ളിൽ ലോൺ പാസാക്കുന്ന നിരവധി സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇത്തരത്തിൽ ഓൺലെെൻ വായ്പകൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
വ്യാജ വായ്പ വെബ്സെെറ്റുകൾ, മൊബെെൽ ആപ്പുകൾ, സന്ദേശം എന്നിവ വഴി സെെബർ തട്ടിപ്പുകാർ വായ്പ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന നിരവധി കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് തടയാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
തൽക്ഷണ അംഗീകാരം, ഉറപ്പായ വായ്പ അല്ലെങ്കിൽ നോ ക്രെഡിറ്റ് ചെക്ക് തുടങ്ങിയ ഓഫറുകളാണ് ഓൺലെെൻ തട്ടിപ്പുകാർ പ്രധാനമായും നൽകുന്നത്. ഇവയോടൊപ്പം ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വാട്സാപ്പിലോ എസ്എംഎസിലെ സന്ദേശങ്ങൾ അയക്കാറുണ്ട്. പണം ആവശ്യമായവർ ഇത് ഉപയോഗപ്പെടുത്തുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു.
ആധാർ നമ്പർ, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അല്ലെങ്കിൽ ഒടിപികൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ചിലപ്പോൾ വ്യാജ ലിങ്കുകൾ അയക്കുകയും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ ഹാക്ക് ചെയ്യുകയും ചെയ്യുന്നു. അതിനാൽ ഇത്തരത്തിലുള്ള ലിങ്ക്, സന്ദേശം എന്നിവ വന്നാൽ ഓപ്പൺ ചെയ്യരുത്.
ചിലപ്പോൾ തട്ടിപ്പുകാർ മുൻകൂർ പേയ്മെന്റുകൾ ആവശ്യപ്പെടാറുണ്ട്. പ്രോസസിംഗ് ഫീസ്, നികുതി ചാർജുകൾ, വെരിഫിക്കേഷൻ ഫീസ് എന്നിങ്ങനെ പറഞ്ഞ് പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ സാധാരണ ബാങ്കുകൾ വായ്പാദാതാക്കളുടെ വായ്പ തുകയിൽ നിന്നാണ് അത്തരം ചാർജുകൾ കുറയ്ക്കുന്നത്. അല്ലാതെ ഉപഭോക്താവിന്റെ കെെയിൽ നിന്ന് മുൻകൂട്ടി പണം ആവശ്യപ്പെടില്ലെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
വായ്പ എടുക്കുന്നതിന് മുൻപ് ആ സ്ഥാപനം റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അംഗീകൃത ധനകാര്യ സ്ഥാപനവുമായി ബന്ധമുള്ളതാണോ എന്നെല്ലാം പരിശോധിക്കണം. സന്ദേശങ്ങളിലൂടെയോ ഇമെയിലുകളിലൂടെയോ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് പകരം ബാങ്കിന്റെ ഔദ്യോഗിക വെബ്സെെറ്റിൽ നേരിട്ട് സന്ദർശിക്കുക. എന്തെങ്കിലും സംശം തോന്നിയാൽ പ്രക്രിയ നിർത്തി വയ്ക്കുകയും ബാങ്കിൽ നേരിട്ടെത്തി കാര്യങ്ങൾ തിരക്കുകയും വേണം.