സി.ഇ.ഒയ്ക്കെതിരായ ആരോപണം ഇൻഫോസിസ് ഓഹരികൾ 17 ശതമാനം ഇടിഞ്ഞു
ന്യൂഡൽഹി: വരുമാനവും ലാഭവും പെരുപ്പിച്ച് കാട്ടാൻ സി.ഇ.ഒ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) നിലഞ്ജൻ റോയ് എന്നിവർ അനധികൃത നടപടികളെടുത്തുവെന്ന ആരോപണങ്ങളെ തുടർന്ന് ഇന്നലെ ഇൻഫോസിസിന്റെ ഓഹരിമൂല്യം 17 ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകർക്കുണ്ടായ നഷ്‌ടം 53,451 കോടി രൂപയാണ്.
ഒരുവേള 638 രൂപവരെ ഇടിഞ്ഞമൂല്യം, വ്യാപാരാന്ത്യം 643.30 രൂപയിലാണുള്ളത്. 2013 ഏപ്രിലിന് ശേഷം കമ്പനിയുടെ ഓഹരികൾ കുറിച്ച ഏറ്രവും വലിയ താഴ്‌ചയാണിത്. ഇൻഫോസിസിന്റെ മൊത്തം മൂല്യം 3.27 ലക്ഷം കോടി രൂപയിൽ നിന്ന് 2.74 ലക്ഷം കോടി രൂപയിലേക്കും ഇടിഞ്ഞു. ഇന്നലെ സെൻസെക്‌സിലും നിഫ്‌റ്രിയിലും ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ചതും ഇൻഫോസിസ് ഓഹരികളാണ്.
സലിൽ പരേഖും നിലഞ്ജൻ റോയിയും അനധികൃത ഇടപെടലുകൾ നടത്തിയെന്ന്, ഇൻഫോസിസിലെ തന്നെ 'പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത" ഒരു വിഭാഗം ജീവനക്കാരാണ് ആരോപിച്ചത്. ആരോപണങ്ങൾ ശരിവയ്ക്കുന്ന ഇ-മെയിലുകളും ശബ്‌ദസന്ദേശങ്ങളും കൈവശമുണ്ടെന്നും ഇൻഫോസിസ് ഡയറക്‌ടർ ബോർഡ്, അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ എന്നിവയ്ക്ക് നൽകിയ പരാതിയിൽ ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
₹53,451 കോടി
ഇന്നലെ ഇൻഫോസിസ് ഓഹരികൾ നേരിട്ട നഷ്‌ടം 17 ശതമാനത്തോളം. നിക്ഷേപകരുടെ കീശയിൽ നിന്ന് ചോർന്നത് 53,451 കോടി രൂപ.
അന്വേഷണം
തുടങ്ങി
സി.ഇ.ഒ., സി.എഫ്.ഒ എന്നിവർക്കെതിരെ ഉയർന്ന ആരോപണത്തിന്മേൽ ഇൻഫോസിസിന്റെ ഓഡിറ്ര് കമ്മിറ്റി അന്വേഷണം തുടങ്ങിയെന്ന് ചെയർമാൻ നന്ദൻ നിലേക്കനി പറഞ്ഞു. അന്വേഷണം സ്വതന്ത്രമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.