മണപ്പാടത്ത് നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ

Thursday 26 March 2026 1:44 AM IST
സംഭരണം വൈകിയതോടെ മണപ്പാടത്ത് റോഡരികിൽ കൂട്ടിയിട്ട നെല്ലിനു കാവലിരിക്കുന്ന കർഷകൻ.

 നെല്ലുമായി റോഡരികിൽ കാവലിരിക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം

പുതുക്കോട്: കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ ആളില്ലാത്തതിനാൽ പുതുക്കോട് മണപ്പാടത്തെ കർഷകർ ദുരിതത്തിൽ. കർഷകർ നെല്ല് ചാക്കിലാക്കി റോഡരികിൽ കാവലിരിക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം പിന്നിടുന്നു. മണപ്പാടം അരങ്ങാട്ടുകടവിൽ മാത്രം മുന്നൂറോളം ചാക്ക് നെല്ലാണ് ടാർപ്പായ കൊണ്ട് മൂടി റോഡരികിൽ സൂക്ഷിച്ചിരിക്കുന്നത്. മില്ല് അനുവദിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ നെല്ല് സംഭരിക്കുമെന്നും സപ്ലൈകോ അധികൃതർ രണ്ടാഴ്ച മുമ്പ് കർഷകരെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും നെല്ലെടുക്കാൻ മില്ലുകാർ എത്തിയിട്ടില്ല. നെല്ല് ടാർപ്പായ ഇട്ട് മൂടിയിട്ടുണ്ടെങ്കിലും മഴ പെയ്താൽ ഈർപ്പം തട്ടുന്ന അവസ്ഥയാണ്. രണ്ടാഴ്ച മുമ്പ് പെയ്ത മഴയിൽ ഈർപ്പം തട്ടി രണ്ടുചാക്ക് നെല്ല് മുളച്ചു നശിച്ചിരുന്നു. സംഭരണം അനിശ്ചിതമായി നീണ്ടതോടെ ഗത്യന്തരമില്ലാതെ പതിനഞ്ചോളം കർഷകർ തങ്ങളുടെ നെല്ല് പൊതുവിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചു. സർക്കാർ താങ്ങുവില കിലോഗ്രാമിന് 30 രൂപയുള്ളപ്പോൾ പരമാവധി 23 രൂപ മാത്രമാണ് ഇവർക്ക് പൊതുവിപണിയിൽ നിന്നും ലഭിച്ചത്. വലിയ സാമ്പത്തിക നഷ്ടമാണ് ഇത് കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. റോഡരികിന് പുറമെ പാടത്തും നെല്ല് ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. മഴ പെയ്താൽ നെല്ല് വീണ്ടും ഉണക്കി ചാക്കിലാക്കേണ്ടി വരുന്നത് കർഷകർക്ക് വലിയ തോതിൽ അധിക കൂലിച്ചെലവ് വരുത്തിവെക്കുകയാണ്. ഇതിനിടെ, മണപ്പാടത്തെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് സപ്ലൈകോ അധികൃതർ ഇപ്പോൾ നൽകുന്ന വിശദീകരണം. സംഭരണം ഇനിയും വൈകിയാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം.