പ്രവചനാതീതം പാലക്കാട്
പാലക്കാട്: പരമ്പരാഗതമായി ഇടതു- വലതു മുന്നണികൾ വിജയിച്ചു കയറിയ മണ്ഡലമാണെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് പാലക്കാട്. 2011 മുതൽ 2024 വരെ ഷാഫി പറമ്പിലാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2024ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണക്കേസിൽ പ്രതിയായതും പിന്നീട് പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യു.ഡി.എഫിൽ ചലചിത്ര താരം കൂടിയായ രമേഷിന് പിഷാരടിക്ക് പാലക്കാട് വിജയിച്ചു കയറാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. പാലക്കാട് കുടുംബ വേരുകളുള്ള രമേഷ് പിഷാരടിക്ക് പാർട്ടി വോട്ടുകൾക്ക് പുറമേ നിഷ്പക്ഷരുടെ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്നും പുതിയ വോട്ടർമാരെ ആകർഷിക്കാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. പ്രചരണം ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.ഡി.എയ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന ശോഭ സുരേന്ദ്രൻ 2016ലെ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന്റെ എതിരാളിയായിരുന്നു. ബി.ജെ.പി ആദ്യമായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയതും ശോഭ സുരേന്ദ്രൻ മത്സരിച്ചമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ ശോഭാ സുരേന്ദ്രനും എൻ.ഡി.എയ്ക്കും പ്രതീക്ഷയുള്ള തിരഞ്ഞെടുപ്പാണിത്. മാത്രമല്ല കോൺഗ്രസ് ബി.ജെ.പി ജയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന ആരോപണവും സിപിഎം കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാവിനെ പാലക്കാട് മത്സരിപ്പിക്കാമായിരുന്നുവെന്നാണ് സി.പി.എം വൃത്തങ്ങൾ ചോദിക്കുന്നത്. ഇത് ബി.ജെ.പി - കോൺഗ്രസ് ധാരണയാണ് കാണിക്കുന്നതെന്നും ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. എൽ.ഡി.എഫിനു വേണ്ടി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. എൻ.എം.ആർ ഗ്രൂപ്പിന്റെ എം.ഡി റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിൽ ഏറെ സുപരിചിതനുമാണ് റസാഖ്. തദ്ദേശത്തിൽ കണ്ണാടിയിൽ കരുത്തുകാട്ടിയ ഇടതുപക്ഷം എക്കാലത്തും തങ്ങളെ തുണയ്ക്കുന്ന മാത്തൂരിൽ ഇത്തവണയും വലിയ പ്രതീക്ഷയാണ് വെയ്ക്കുന്നത്. ഇതിന് പുറമേ പിരായിരി പഞ്ചായത്തിലെയും നഗരസഭ പരിധിയിലെയും ന്യൂനപക്ഷ വോട്ടുകൾ കൂടി പെട്ടിയിലാക്കാൻ കഴിഞ്ഞാൽ നിലമെച്ചപ്പെടുത്തുന്നതിനും അപ്പുറം ഒരു വിജയം തന്നെ ലക്ഷ്യം എൽ.ഡി.എഫ് വെയ്ക്കുന്നു.