സ്ഥാനാർത്ഥിയെ കേൾക്കാതെ അയോഗ്യനാക്കരുത്: ഹൈക്കോടതി

Thursday 26 March 2026 12:51 AM IST

കൊച്ചി: തിരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ തുടർന്ന് അയോഗ്യരാക്കിയതിനെതിരെ തൃശൂർ അന്നമനടയിലെ ധന്യ ദേവദാസ് അടക്കം ഒരു കൂട്ടം സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളെ അയോഗ്യരാക്കിയത് നോട്ടീസോ വിശദീകരണം നൽകാൻ അവസരമോ നൽകാതെയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

അയോഗ്യത കൽപ്പിക്കുന്നതിന് മുമ്പ് കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം. വീഴ്ച വരുത്തിയാൽ കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയയ്‌ക്കണം. നോട്ടീസ് ലഭിച്ച് 20 ദിവസത്തിനകം സ്ഥാനാർത്ഥി വിശദീകരണം നൽകണം. ഈ വിശദീകരണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും പരിശോധിച്ച ശേഷമേ അയോഗ്യനാക്കുന്ന കാര്യത്തിൽ കമ്മിഷൻ തീരുമാനമെടുക്കാവൂ. ഇത്തരം നടപടികളിൽ വെറുമൊരു ചടങ്ങെന്ന നിലയിൽ നോട്ടീസ് നൽകിയാൽ പോരാ, അത് സ്ഥാനാർത്ഥിക്ക് ലഭിച്ചെന്ന് ഉറപ്പാക്കുകയും വേണമെന്ന് കോടതി വ്യക്തമാക്കി.