വയനാട്ടിൽ തനിയാവർത്തനമാകുമോ?

Thursday 26 March 2026 12:42 AM IST
വയനാട്

സുൽത്താൻ ബത്തേരി: തിരഞ്ഞെടുപ്പ് ഗോദയിലെ പോരാളികളുടെ ചിത്രം വ്യക്തമായതോടെ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും പ്രചാരണത്തിന് ശക്തിയേറി. മൂന്നിടത്തും സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുന്നുവെന്നതാണ് സവിശേഷത. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യു.ഡി.എഫ് സ്ഥാനാർത്ഥികളായിട്ടുള്ളത് കോൺഗ്രസ് എം.എൽ.എമാരായ ടി.സിദ്ദിഖും ഐ.സി.ബാലകൃഷ്ണനുമാണ്. അതെ സമയം മാനന്തവാടിയിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി മന്ത്രി ഒ.ആർ.കേളുവും (സി.പി.എം).

എം.എൽ.എ സ്ഥാനത്തിരുന്ന് ഹാട്രിക് തികച്ച ഐ.സി.ബാലകൃഷ്ണന് ഇത് നാലം ഊഴമാണ്. ഒ.ആർ.കേളുവിന് ഹാട്രിക്കും. ടി.സിദ്ദീഖിനാകാട്ടെ ഇത് രണ്ടാംതവണയും. മൂന്ന് പേരും ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റ് നോക്കുന്നത്.

മാനന്തവാടിയിൽ മന്ത്രി ചെയ്ത വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീഷകർക്ക്. അതെസമയം കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും എം.എൽ.എ എന്ന നിലയിൽ ചെയ്ത പ്രവർത്തനം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന വിശ്വസമാണ് ഇരുവർക്കുമുള്ളത്.

യു.ഡി.എഫിന്റെ കോട്ടയാണ് സുൽത്താൻ ബത്തേരിയെങ്കിലും ഈ കോട്ടയിൽ എൽ.ഡി.എഫ് രണ്ട് തവണ അട്ടിമറി വിജയം നേടിയ ചരിത്രമുണ്ട്. നാലാം അങ്കത്തിനിറങ്ങുന്ന ഐ.സി.ബാലകൃഷ്ണനെ ഇത്തവണ നേരിടുന്നത് സി.പി.എമ്മിലെ എം.എസ്.വിശ്വനാഥനാണ്. കഴിഞ്ഞ തവണയും ഇദേഹം തന്നെയായിരുന്നു നേരിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ ചിത്രമല്ല ഇത്തവണത്തേതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ എ.എസ്.കവിതയാണ് ഇരു മുന്നണികൾക്കുമെതിരെ മത്സരിക്കുന്നത്. കേരളത്തിലെ ഏക ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയായി പ്രക‌ൃതിയും ഇവിടെ മത്സര രംഗത്തുണ്ട്.

കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി നിൽക്കുന്ന കെ.പി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് . കഴിഞ്ഞ തവണ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേയ്ക്ക് എത്തിയത്. ഇത്തവണയും കൽപ്പറ്റ സീറ്റ് ആർ.ജെ.ഡിയ്ക്ക് തന്നെയാണ്. പി.കെ അനിൽകുമാറാണ് സിദ്ദീഖിനെ നേരിടുന്നത്. ഐ.എൻ.ടി.യുസിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന അനിൽകുമാ‌ർ യു.ഡി.എഫ് വിട്ടാണ് ആർ.ജെ.ഡിയിലെത്തിയത്.

മാനന്തവാടി മണ്ഡലത്തിൽ പ്രചാരണത്തിലുൾപ്പെടെ ഏറെ മുന്നിട്ട് നിൽക്കുന്ന സ്ഥാനാ‌ർത്ഥിയാണ് സി.പി.എമ്മിലെ ഒ.ആർ.കേളു. മണ്ഡലത്തിൽ മുമ്പെങ്ങും നടത്താത്ത വികസന പ്രവർത്തനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്തിറയിട്ടുള്ളത്. മുൻ മന്ത്രിയായിരുന്നു പി.കെ.ജയലക്ഷ്മി ജയിച്ച മണ്ഡലം കൂടിയാണ്. യു.ഡി.എഫിന്റെ ഉഷാവിജയനാണ് എതിർ സ്ഥാനാർത്ഥി.